പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിനുനേരെ ആക്രമണം; സ്കൂട്ടറിന് തീയിട്ടു
text_fieldsപുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട സ്കൂട്ടര്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചനിലയില്‍
തിരൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകെൻറ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വീടിന് മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ആക്രമികള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
മുസ്ലിം ലീഗ് പ്രവര്‍ത്തകനും എസ്.ടി.യു നേതാവുമായ പുറത്തൂര്‍ പുതുപ്പള്ളി കക്കിടി പുതിയാട്ടി പറമ്പില്‍ ഹംസയുടെ വീട്ടിലാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം. സ്കൂട്ടര്‍ കത്തുന്നത് തൊട്ടടുത്ത വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത് ദുരന്തം ഒഴിവാക്കി. തീപടര്‍ന്നതിനെ തുടര്‍ന്ന് വീടിനകത്ത് പുക നിറഞ്ഞ നിലയിലായിരുന്നു. തൊട്ടടുത്ത വീട്ടുകാരാണ് തീയണച്ചത്.
സംഭവത്തില്‍ തിരൂർ പൊലീസ് കേസെടുത്തു. തിരൂര്‍ സി.ഐ ടി.പി. ഫര്‍ഷാദ്, എസ്.ഐമാരായ ജലീല്‍ കറുത്തേടത്ത്, ഷറഫുദ്ദീന്, ജോബി എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.