ആവശ്യത്തിന് ജീവനക്കാരില്ല; ലേണിങ് ടെസ്റ്റിന് ഇന്നും മണിക്കൂറുകളുടെ കാത്തിരിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
തിരൂരങ്ങാടി: ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനെ തുടർന്ന് ഇന്നും ലേണിങ് ടെസ്റ്റ് മണിക്കൂറുകളോളം വൈകി. ലേണിങ് ടെസ്റ്റിനുവേണ്ടി 11 മണിക്കൂറിലധികം സ്ത്രീകൾ ഉൾപ്പെടെ കാത്തിരിക്കേണ്ടിവന്നു. രാത്രി ഏഴ് കഴിഞ്ഞിട്ടും തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിൽ ലേണിങ് ടെസ്റ്റ് കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ഓഫിസിലെ ഉദ്യോഗസ്ഥരും ടെസ്റ്റിന് എത്തിയവരും വളരെയധികം ദുരിതത്തിലായി.
തിരൂരങ്ങാടി ഓഫിസിൽ നാല് എ.എം.വി.ഐമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞമാസം മൂന്ന് എ.എം.വി.ഐമാരുടെ അധിക തസ്തികകൂടി സൃഷ്ടിച്ചെങ്കിലും നിയമനം ഒന്നുംതന്നെ നടന്നില്ല. അതിൽനിന്ന് ഒരാളെ നിയമിച്ചെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല.
ഓഫിസിൽ നിലവിലുണ്ടായിരുന്ന നാല് എ.എം.വി.ഐമാരിൽ ഒരാളെ ചെക്ക് പോസ്റ്റിലേക്ക് നിയമിച്ചതോടെ മൂന്നുപേരെവെച്ചാണ് 200 പേർക്ക് ലേണിങ് ടെസ്റ്റ് നടത്തുന്നത്. കൂടാതെ, ട്രെയിനിങ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, അപകടത്തിൽപ്പെട്ട വാഹനങ്ങൾ നോക്കുന്നത് തുടങ്ങിയവയും ഇതോടൊപ്പം പരിശോധിക്കേണ്ട അവസ്ഥയാണ്.
ഇന്നലെ മാത്രം 150ഓളം പേർക്ക് ഡ്രൈവിങ് ടെസ്റ്റ്, നൂറിൽപരം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, 15 വർഷം കാലാവധി കഴിഞ്ഞ 50ഓളം വാഹനങ്ങളുടെ പരിശോധന എന്നിവ ഉണ്ടായിരുന്നു. ആവശ്യത്തിന് കമ്പ്യൂട്ടറുകളും സ്ഥിരതയുള്ള ഇന്റർനെറ്റ് സംവിധാനവും ഇല്ലാത്തതിനൊപ്പം വൈദ്യുതി തടസ്സപ്പെടുമ്പോൾ ഉപയോഗിക്കാനുള്ള ബദൽ സംവിധാനവും ഒരുക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ജനറേറ്ററോ മതിയായ യു.പി.എസ് സംവിധാനമോ ഇല്ലാത്തതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ ഉദ്യോഗാർഥികൾ കാത്തിരിക്കേണ്ടിവരുന്നുണ്ട്. രാവിലെ എട്ടുമണിയോടെ ലേണിങ് ടെസ്റ്റിനായി എത്തിയ പല ഉദ്യോഗാർഥികളും വൈകീട്ട് അഞ്ചു മണിയായിട്ടും ടെസ്റ്റ് പൂർത്തിയാകാതെ കാത്തുനിന്നതുകൊണ്ട് ഓഫിസ് സമയത്തിനുശേഷം ഓഫിസിലെ മുഴുവൻ കമ്പ്യൂട്ടറുകളും ഉപയോഗപ്പെടുത്തി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും അസിസ്റ്റൻറ് മോട്ടോർ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ഓഫിസിലെ എല്ലാ കമ്പ്യൂട്ടറുകളും ഉദ്യോഗാർഥികൾക്ക് നൽകി ലേണിങ് ടെസ്റ്റ് തീർക്കാൻ മുൻകൈയെടുക്കുകയായിരുന്നു. ഇതുമൂലം ഇവരുടെ മറ്റു ജോലികൾ തടസ്സപ്പെടുന്ന അവസ്ഥയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

