ക്വാറിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം: ഒരാള്‍ അറസ്റ്റിൽ
text_fieldsഹസീബുദ്ദീന്‍
പുളിക്കല്‍: ആന്തിയൂര്‍ക്കുന്നില്‍ ജനവാസ പ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ ആശുപത്രി മാലിന്യമുള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് ആന്തിയൂര്‍ക്കുന്ന് ഒറ്റപ്പുലാക്കല്‍ ഹസീബുദ്ദീനാണ് (35) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.
കേസിലെ രണ്ടാം പ്രതിയാണ് ഹസീബുദ്ദീനെന്നും വിവിധ സ്ഥലങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിന് കരാറെടുത്തയാളില്നിന്ന് ഉപകരാറെടുത്തതായിരുന്നു ഇയാളെന്നും കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രധാന കരാറുകാരന്, ക്വാറിയുടമ, മാലിന്യം കൊണ്ടുവന്ന ലോറിയുടമ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ മൂന്നിന് പുലര്‍ച്ച പുളിക്കല്‍ ആന്തിയൂര്‍ക്കുന്നില്‍ അരൂര്‍-ചെവിട്ടാണിക്കുന്ന് റോഡരികിലെ കരിങ്കല്‍ ക്വാറിയിലാണ് ടോറസ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. ക്വാറിയിലെ വെള്ളക്കെട്ടില്‍ 10 ലോഡോളം മാലിന്യമാണ് തള്ളിയിരുന്നത്. സംഭവമറിഞ്ഞ് അര്‍ധരാത്രിക്കുശേഷം നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടുകയും മാലിന്യം കൊണ്ടുവന്നവരെയും വാഹനവും പിടികൂടി കൊണ്ടോട്ടി പൊലീസിലും പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു.
കൊണ്ടോട്ടി പൊലീസും പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തുകയും മാലിന്യം കൊണ്ടുവന്ന പ്രധാന ഏജന്റിന് ഒരു ലക്ഷം രൂപയും സ്ഥലം ഉടമക്ക് 50,000 രൂപയും മാലിന്യം കൊണ്ടുവന്ന ലോറി ഉടമക്ക് 50,000 രൂപയുമുള്‍പ്പെടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ജനവാസ മേഖലയില്‍ പൊതു കുടിവെള്ള പദ്ധതിയുടെ ടാങ്കിനടുത്ത് തള്ളിയ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് കേസെടുത്ത് നടപടികള്‍ ഊര്‍ജിതമാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
രാസ മാലിന്യമുള്‍പ്പെടെ മഴയില്‍ അശ്രദ്ധമായി തള്ളിയതിനാല്‍ സമീപവാസികളുടെ ശുദ്ധജല കിണറുകളെല്ലാം മലിനമാകുമെന്ന ആശങ്ക മേഖലയില്‍ ശക്തമാണ്. 50ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ സംഭരണിക്കടുത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മാലിന്യങ്ങള്‍ തള്ളിയത്. സംഭവം കൈയോടെ പിടികൂടാനായിട്ടും നടപടികള്‍ വൈകുന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി തുറന്നിരുന്നു.
ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ ചിലരുള്‍പ്പെടെ മാലിന്യം തള്ളിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

