പരിയാപുരത്ത് വാതിൽ തകർത്ത് മോഷണം; രണ്ടര പവൻ സ്വർണാഭരണം കവർന്നു
text_fieldsമോഷണത്തിനുപയോഗിച്ച വെട്ടുകത്തിയും കമ്പിയും
തിരൂർ: വെട്ടം പരിയാപുരത്ത് വീടിെൻറ വാതിൽ തകർത്ത് യുവതിയുടെ രണ്ടര പവൻ സ്വർണാഭരണം കവർന്നു. ബുധനാഴ്ച പുലർച്ച മൂന്ന് മണിക്കാണ് സംഭവം. കാനൂരിലെ പുഴക്കര ഏനുദീൻ കുട്ടിയുടെ (മുക്കിപ്പറമ്പത്ത്) വീട്ടിലാണ് മോഷണം. വീടിനു പിൻഭാഗത്തെ ഗ്രില്ലിെൻറ പൂട്ട് പൊളിച്ച് അടുക്കളയുടെ വാതിൽ തകർത്തു അകത്തു കടന്ന കള്ളൻ ഉറങ്ങിക്കിടന്ന യുവതിയുടെ കാലിലെ രണ്ടര പവൻ വരുന്ന പാദസരം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
വേദന അനുഭവപ്പെട്ട യുവതി ബഹളം വെച്ചതോടെ കവർച്ചക്കുപയോഗിച്ച വെട്ടുകത്തി, കമ്പി, കമ്പിപ്പാര മറ്റു ആയുധങ്ങൾ ഉപേക്ഷിച്ച് കള്ളൻ ഓടുകയായിരുന്നു. യുവതിക്കൊപ്പം 12 വയസ്സള്ള മകനുമാണ് റൂമിലുണ്ടായിരുന്നത്. ഭർത്താവ് വിദേശത്താണ്.
പ്രായമായ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് തിരൂർ പൊലീസ് ഡോഗ് സ്ക്വാഡുമായി സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

