പൊടിയും വിവാദവുമടങ്ങാതെ മലയോരപാത
text_fieldsമലയോരപ്പാത നിർമാണം നിലച്ചതോടെ പൊടിയിൽ മുങ്ങിയ കരുവാരകുണ്ട്
കരുവാരകുണ്ട്: പൊടിപടലങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ കൂടി ഉയർന്നതോടെ മലയോരപാത പ്രവൃത്തി സ്തംഭനഭീതിയിൽ. ഉദ്യോഗസ്ഥ - കരാർ വിഭാഗങ്ങളുടെ ശീതസമരത്തെ തുടർന്നാണ് കരുവാരകുണ്ട്-കാളികാവ് റീച്ചിലെ നിർമാണ പ്രവൃത്തി സ്തംഭനാവസ്ഥയിലെത്തിയിരിക്കുന്നത്.
നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കും വിധം നിർമാണ പ്രവൃത്തി അനന്തമായി നീളുകയാണ്. സ്ഥലം സന്ദർശിക്കുന്ന റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ പ്രവൃത്തി നീളുന്നതിൽ കരാറുകാരനെ പഴിക്കുകയാണ്.പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ തുക നൽകാതിരിക്കുകയും പുറമെ പ്രവൃത്തി നീളുന്നതിന് പഴിക്കുകയും ചെയ്യുന്ന നിലപാട് കരാറുകാരനെ ക്ഷുഭിതനാക്കുന്നുണ്ട്.
അങ്ങാടി മുതൽ അരിമണൽ വരെയുള്ള റോഡ് നിരപ്പാക്കൽ പൂർത്തിയായതാണ്. എന്നാൽ ജലനിധി പൈപ്പിടൽ, വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കൽ എന്നിവ നടന്നിട്ടില്ല. ഇത് കരാറുകാരന്റെ ചുമതലയല്ല.സൈറ്റ് യഥാസമയം ഒരുക്കി നൽകിയാൽ മാത്രമേ പ്രവൃത്തി സമയബന്ധിതമായി നടത്താൻ കഴിയൂവെന്നാണ് കരാറുകാരന്റെ നിലപാട്.ശീതസമരം രൂക്ഷമായതോടെ അസഹ്യമായ പൊടിശല്യത്തിൽ പൊറുതിമുട്ടുകയാണ് നാട്ടുകാരും വ്യാപാരികളും.
‘സമർപ്പിച്ചത് 16 കോടിയുടെ ബില്ല്; കിട്ടിയത് പൂജ്യം’
കരുവാരകുണ്ട്: കാളികാവ് - കരുവാരകുണ്ട് മലയോര പാതയുടെ 50 ശതമാനം പ്രവൃത്തി പൂർത്തിയാക്കിയിട്ടും ഒരു രൂപ പോലും ബോർഡ് തന്നിട്ടില്ലെന്ന് കരാറുകാരൻ. റോഡ് പ്രവൃത്തിക്ക് മാത്രം 40.8 കോടിയാണ് എസ്റ്റിമേറ്റ്. ഇതിൽ 20 കോടി രൂപയുടെ പ്രവൃത്തി കഴിഞ്ഞു. 16 കോടിയുടെ ബില്ലുകൾ ഡിസംബറോടെ ബോർഡിന് സമർപ്പിച്ചു.
എന്നാൽ, ഇവ പരിശോധന നടത്തി അംഗീകാരത്തിന് സമർപ്പിക്കാത്തതിനാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ചിറക്കൽ മുതൽ കണ്ണത്ത് വരെ ഒരു ലെയർ കൂടി സോളിങ് നടത്തണം. അതിന് ശേഷമേ ടാറിങ് തുടങ്ങാനാവൂ. സമർപ്പിച്ച ബില്ലുകളുടെ തുക ലഭിച്ചാലേ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്ന് കരാറുകാരന്റെ ചുമതല വഹിക്കുന്ന ടി. ഇംതിയാസ് ബാബു പറഞ്ഞു.
ഫണ്ട് ലഭിക്കാത്തത് ബില്ലുകൾ കൃത്യമല്ലാത്തതിനാൽ -കെ.ആർ.എഫ്.ബി
കരുവാരകുണ്ട്: പൂർത്തിയായ പ്രവൃത്തിയുടെ തുക അനുവദിക്കണമെങ്കിൽ നിബന്ധന പ്രകാരമുള്ള ബില്ലുകൾ സമർപ്പിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സിക്യുട്ടീവ് എൻജിനീയർ ബ്രൂസൺ ഹരോൾഡ്. ആറ് കോടിയോളം രൂപയുടെ ബില്ലുകളാണ് കരാറുകാരൻ ഇതിനകം സമർപ്പിച്ചത്. പരിശോധനക്ക് ശേഷം അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. വ്യക്തവും കൃത്യവുമായ ബില്ലുകൾ സമർപ്പിച്ചാൽ പെട്ടെന്ന് അംഗീകരിക്കാനാവും.
ബില്ലുകൾ തയ്യാറാക്കാൻ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാർ വേണം. അതില്ലാത്തതിനാൽ ഈ കരാറുകാരന്റെ ബില്ലുകൾ പല തവണ മടക്കേണ്ടി വരികയാണ്. അതിനാലാണ് സമയബന്ധിതമായി പണം അനുവദിക്കാൻ കഴിയാത്തതെന്നും ഹരോൾഡ് പറഞ്ഞു.
പൊടിശല്യം തീർക്കാനിറങ്ങി ഓട്ടോക്കാരും വ്യാപാരികളും
കരുവാരകുണ്ട്: മലയോരപാത പ്രവൃത്തി നീളുന്നതിനാൽ പൊടിപടലം അസഹ്യമായതോടെ റോഡ് നനയ്ക്കാനിറങ്ങി ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും.
അങ്ങാടി ചിറക്കലിൽ റോഡ് നനക്കുന്ന ഓട്ടോ തൊഴിലാളികൾ
നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് കരാറുകാരൻ തന്നെ റോഡ് നനക്കാൻ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ, എത്ര വെള്ളം തെളിച്ചാലും കനത്ത വെയിലിൽ ഉണങ്ങുകയാണ്. ഇതോടെയാണ് അങ്ങാടി ചിറക്കൽ, മരുതിങ്ങൽ തുടങ്ങി പലയിടങ്ങളിലും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും റോഡ് നനച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

