നിയമസഭ പുസ്തകോത്സവത്തില്‍ താരമായി ഹിദായ ഹനൂന്‍
text_fields‘ബ്രീത്ത് ലൈഫ്’ കവിത സമാഹാരത്തിന്റെ രചയിതാവായ കെ.ടി. ഹിദായ ഹനൂനെ
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചേംബറിൽവെച്ച് അനുമോദിക്കുന്നു
കൊണ്ടോട്ടി: തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്വന്തം പുസ്തകം പുറത്തിറക്കി ജില്ലയുടെ അഭിമാനമായി കെ.ടി. ഹിദായ ഹനൂന്‍. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിദായ രചിച്ച കവിത സമാഹാരം ‘ബ്രീത്ത് ലൈഫ്’ പുസ്തകോത്സവ നഗരിയില്‍ പുറത്തിറക്കി. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയുമാണ് 13 വയസ്സുകാരിയായ ഹിദായ ഹനൂന്‍.
സ്വന്തം ജീവിതാനുഭവങ്ങളും പരിസ്ഥിതിയുമെല്ലാം ഇതിവൃത്തമാക്കിയ കവിതകളാണ് പുസ്തകത്തിലുള്ളത്. സ്വന്തം അനുഭവങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളുമെല്ലാം സ്വയം നോക്കിക്കാണുന്ന ശൈലിയിലാണ് കവിത രചന. പുസ്തകോത്സവത്തിലെ വേദി അഞ്ചില്‍ നടന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഡോ. കെ.പി. സിയാദിന് കൈമാറി പുസ്തകം പ്രകാശിപ്പിച്ചു. കവിയത്രിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചേംബറിലേക്ക് വിളിച്ച് അനുമോദിച്ചു
പ്രകാശന ചടങ്ങില്‍ പ്രഥമാധ്യാപിക കെ.എസ്. രോഹിണി അധ്യക്ഷത വഹിച്ചു. വിജയസ്പര്‍ശം പദ്ധതി കോഓഡിനേറ്റര്‍ കെ.എം. ഇസ്മായില്‍ ആമുഖ പ്രഭാഷണവും സ്പീക്ക് ഈസി പദ്ധതി കോഓഡിനേറ്റര്‍ വസീം അഹ്സന് പുസ്തകം പരിജയവും നടത്തി. എം. നാദിര്‍, പി.ടി. വാസിഫ് ഷാഹുല്‍, ഡോ. ഇര്‍ഷാന ഷഹനാസ്, അബ്ദുല്ല കടവ്കണ്ണന്, കെ.ടി. മുഹമ്മദ് മോങ്ങം എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. പുളിക്കല്‍ തൊട്ടിയന്പാറ സ്വദേശി ഡോ. കെ.ടി. മുബീന്, ഫാറൂഖ് ട്രെയ്നിങ് കോളജ് അധ്യാപിക ഡോ. ഇര്‍ഷാന ഷഹനാസ് എന്നിവരുടെ മകളാണ് ഹാദിയ. വചനം ബുക്സിന്റെ സഹകരണത്തോടെ ഇ.എം.ഇ.എ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. സ്പീക്ക് ഈസി, വിജയഭേരി, പെപ്പ് ടോക്ക് ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

