ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് വീടൊരുക്കാൻ കൂട്ടായ്മ
text_fields‘വളാഞ്ചേരീസ്’ വാട്സ്ആപ് കൂട്ടായ്മ എടയൂർ ഗ്രാമപഞ്ചായത്തിലെ പീടികപ്പടിയിൽ നിർമിക്കുന്ന വീടിെൻറ കട്ടിലവെപ്പ് ചടങ്ങിൽ നിന്ന്
എടയൂർ: കഴിഞ്ഞ മാസം നിര്യാതനായ ഓട്ടോ ഡ്രൈവറുടെ കുടുംബത്തിനായി വീട് നിർമാണവുമായി 'വളാഞ്ചേരീസ്' വാട്സ്ആപ് കൂട്ടായ്മ. എടയൂര്‍ പീടികപടിയിലാണ് വീടൊരുക്കുന്നത്. നിർമാണത്തിന് ഒമ്പത് ലക്ഷത്തോളം രൂപം പ്രതീക്ഷിക്കുന്നു. വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് വീട് നിർമാണം.
കൂട്ടായ്മയുടെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വലിയകുന്നിലും നിർധനർക്ക് വീട് നിർമിച്ചു നൽകിയിട്ടുണ്ട്. മൂന്നാമത്തെ വീടാണ് എടയൂർ ഗ്രാമപഞ്ചായത്തിലെ പീടികപ്പടിയിൽ നിർമിക്കുന്നത്.
നിര്‍മാണ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും വളാഞ്ചേരി നഗരസഭ ചെയര്‍മാനുമായ അഷ്റഫ് അമ്പലത്തിങ്ങലും, 'വളാഞ്ചേരീസ്' കൂട്ടായ്മ ചെയര്‍മാനുമായ ഡോ. എൻ.എം. മുജീബ് റഹ്മാനും ചേര്‍ന്ന് വീടിെൻറ കട്ടിലവെപ്പ് നിര്‍വഹിച്ചു. മരണപ്പെട്ട യുവാവിെൻറ കുടുംബാംഗങ്ങൾ, എടയൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൂട്ടായ്മ അംഗങ്ങള്‍ എന്നിവർ സംബന്ധിച്ചു.