പെയ്തിറങ്ങി, ദുരിതം
text_fieldsമലപ്പുറം: കനത്ത മഴയിൽ നഗരസഭയിൽ പലയിടത്തും മണ്ണിടിച്ചിൽ. നിരവധി സ്ഥലങ്ങളിൽ റോഡ്, വീട്, സംരക്ഷണഭിത്തി എന്നിവ തകർന്നു. ഏഴാം വാർഡ് കാട്ടുങ്ങലിലെ വീടിന് മുകളിൽ തെങ്ങ് വീണു. പാണക്കാട് വില്ലേജിലെ എം.ബി.എച്ച് മുതൽ വലിയങ്ങാടി വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചു.
കോട്ടക്കുന്നിെൻറ ചരിവിലായി രണ്ട്പ്രധാന വിള്ളലുകൾ
മലപ്പുറം: മഴ കനത്തതോടെ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് കോട്ടക്കുന്ന് പാര്ക്കിന് താഴെ താമസിക്കുന്ന 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് മാറ്റിയത്. കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതരെത്തിയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കോട്ടക്കുന്നിെൻറ ചരിവിലായി രണ്ട് പ്രധാന വിള്ളലുകളുണ്ട്. ഒന്ന് നേരേത്ത മണ്ണിടിഞ്ഞ ഡി.ടി.പി.സിയുടെ പാര്‍ക്കിലും മറ്റൊന്ന് വീടുകള്‍ക്ക് മുകൾ ഭാഗത്തുമാണ്. 2021 ജൂണ്‍ 17ന് മഴ ആരംഭിച്ച ഘട്ടത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ജിയോളജി, റവന്യൂ, മലപ്പുറം നഗരസഭ സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ശക്തമായ മഴ തുടരുകയാണെങ്കില്‍ സ്ഥലത്ത് മണ്ണിടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സംഘം അറിയിക്കുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല ഭരണകൂടത്തിന് കൈമാറുകയും ചെയ്തിരുന്നു. പാര്ക്കിനരികിലും താഴ്ഭാഗത്തുമായി വസിക്കുന്നവര്‍ മാറിത്താമസിക്കുന്നതാണ് ഉചിതമെന്നും സംഘം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മലപ്പുറം അഗ്നിരക്ഷ സേനയും എം.എല്‍.എയും സ്ഥലം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി. വിള്ളലുള്ള സ്ഥലത്തിനടുത്ത് പുതുതായി നീര്‍ച്ചാലും മഴ കൂടുന്നതോടെ ഇതിലൂടെ നീരൊഴുക്ക് വര്‍ധിക്കാനുള്ള സാഹചര്യവും സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്. ഡി.ടി.പി.സി പാര്‍ക്കില്‍ 2019 ആഗസ്റ്റ് ഒമ്പതിനാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞത്. ഇതിെൻറ താഴ്ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.
കാര്യമായ നാശനഷ്ടം കാരപറമ്പിൽ
കാരപറമ്പ് വാർഡിലെ ഹാജിയാർപള്ളി- -എടായിപ്പാലം റോഡിൽ മേസ്തിരിക്കുഴിക്ക് സമീപം റോഡ് തകർന്നു. 2019ലെ പ്രളയത്തിൽ ഈ ഭാഗം തകർന്നിരുന്നു. ഇതുവരെ നന്നാക്കിയിരുന്നില്ല. ഈ ഭാഗത്താണ് വീണ്ടും ഇടിഞ്ഞത്. ഇത് കാരണം മേസ്തിരിക്കുഴി വഴിയാണ് വാഹനങ്ങൾ പോകുന്നത്.
കാരപറമ്പിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. പുലർച്ച നാലരയോടെയാണ് സംഭവം. എറക്കൽ സൗമ്യയുടെ വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞു. ടി.എം. സഫ്വാെൻറ വീടിെൻറ അടുക്കളഭാഗം തകർന്നു. പാണക്കാട്- നീലാംകുന്ന് ഹൈസ്കൂൾ റോഡ് തകർന്നു. നാലുമീറ്റർ ഉയരത്തിലും 12 മീറ്റർ നീളത്തിലും കെട്ടിപ്പൊക്കിയ ഭാഗമാണ് ഇടിഞ്ഞത്.
ഭൂദാനം വാർഡിൽ കാരാത്തോട് കൂനമ്പാറ വലിയപറമ്പൻ പാത്തുമ്മ, പുളിക്കൽ ചക്കിക്കുഴി സരോജിനി എന്നിവരുടെ വീടുകളിലേക്ക് മണ്ണിടിഞ്ഞു. പരപ്പൻ മൻസൂറിെൻറ വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞു.
പട്ടർകടവിൽ ചാമക്കയം പാർക്കിൽ വെള്ളം കയറി. കൗൺസിലർ മറിയുമ്മ ശരീഫ്, പി.ഡബ്ല്യു.ഡി എൻജിനീയർ എന്നിവർ സ്ഥലത്തെത്തി വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിച്ചു. ചെറുപറമ്പിൽ നച്ചക്കോട് ഇരിയങ്കുളംമുക്കിൽ മതിൽ വീട്ടിലേക്ക് ഇടിഞ്ഞുവീണു. മുണ്ടുപറമ്പ് വാർഡിൽ ചോലക്കൻ കോളനി റോഡിൽ മണ്ണിടിഞ്ഞു.
രാവിലെ പത്തോടെയാണ് സംഭവം. മച്ചിങ്ങൽ ബൈപാസിൽ രാജ് നിവാസിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിേലക്ക് മാറ്റി. കരുവാള വാർഡിൽ മാധവെൻറ വീടിെൻറ മുറ്റത്തെ മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചു.
ഒലിപ്പുഴ തൊണ്ണംകടവിൽ കോസ്വേയിൽ വെള്ളം കയറി
പാണ്ടിക്കാട്: വളരാട്- എടയാറ്റൂർ- മേലാറ്റൂർ റോഡിൽ വളരാട് തൊണ്ണംകടവിലെ കോസ്വേയിൽ മഴയിൽ വെള്ളം കയറിയത് ദുരിതമായി. നിർമാണത്തിലെ അശാസ്ത്രീയതയാണ് മഴക്കാലത്ത് പാലം വെള്ളത്തിലാകാൻ കാരണം. ഉയരക്കുറവും പകുതിയിലേറെ ഭാഗം കോൺക്രീറ്റ് കുഴലുകളാൽ പണിതതും മൂലം ഒഴുകിയെത്തുന്ന മലവെള്ളം പാലത്തിന് മുകളിലൂടെ ഒഴുകുകയാണ്. കോസ്വേ വെള്ളത്തിൽ മുങ്ങുന്നതോടെ വളരാട്, -എടയാറ്റൂർ പ്രദേശത്തെ വിദ്യാർഥികളും രോഗികളടക്കമുള്ള നാട്ടുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മഴക്കാലത്ത് ഉപകരിക്കാവുന്ന തരത്തിൽ കോസ്വേ ഉയരം കൂട്ടുകയോ -പുതിയ പാലം നിർമിക്കുകയോ ചെയ്യാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് പാണ്ടിക്കാട് ഡെവലപ്മെൻറ് ഓർഗനൈസേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.കെ.ആർ. ഇണ്ണിപ്പ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, സി.കെ. അനീസ്, കെ. സുബൈർ, കെ. ഷാഫി വെള്ളുവങ്ങാട്, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
മങ്കടയിൽ കൃഷിനാശം
മങ്കട: കനത്ത മഴയിൽ മേഖലയിൽ നെൽകൃഷിക്ക് നാശം. വേരുറക്കുന്നതിന് മുമ്പെ പെയ്ത മഴയിൽ ഞാറ് വ്യാപകമായി ഒലിച്ചുപോയി. മങ്കട, മക്കരപറമ്പ്, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, കുറുവ എന്നീ പഞ്ചായത്തുകളിലാണ് നെൽകൃഷിക്ക് നാശം നേരിട്ടത്. മുണ്ടകൻ കൃഷിക്ക് ഞാറ് നടുന്നത് കന്നി മാസം പകുതി മുതൽ അവസാനം വരെയാണ്.
ഭൂരിഭാഗം കർഷകരും കന്നി അവസാനത്തിലാണ് ഞാറ് നടുന്നത്. ചില സ്ഥലങ്ങളിൽ ഇപ്പോൾ നിലമൊരുക്കുന്ന തിരക്കിലാണ്. ഇങ്ങനെ ഒരുക്കിയ വയലിൽ വെള്ളപാച്ചിലിൽ മേൽ മണ്ണും വളവും വ്യാപകമായി ഒലിച്ചുപോയി.
നടുന്നതിനായി പറിച്ച് വച്ച ഞാറും ഒലിച്ച് പോയത് കർഷകരെ പ്രതിസന്ധിയിയാക്കി.
മങ്കട തോട് കടന്നുപോകുന്ന കടന്നമണ്ണ വെള്ളില മേഖലകളിലും കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപറ്റ മേഖലയിലും ചെറുപുഴ കടന്നുപോകുന്ന അങ്ങാടിപ്പുറം പഞ്ചായത്തിലെ അരിപ്ര, പുഴക്കാട്ടിരി പഞ്ചായത്തിലെ രാമപുരം, കരിഞ്ചാപാടി, മക്കരപറമ്പ്, അറങ്ങോട്ട് പുഴയുടെ തീരങ്ങളിലെ വയലുകളിലുമാണ് നാശം നേരിട്ടത്. മങ്കട പഞ്ചായത്തിലെ പാടശേഖരങ്ങളുടെ കൃഷിനാശം ബുധനാഴ്ച വിലയിരുത്തും. കൺവീനർമാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മങ്കട കൃഷി ഓഫിസർ ഷമീർ മാമ്പ്രതൊടി പറഞ്ഞു.
നിലക്കാത്ത മഴ; കരകവിഞ്ഞ് കുന്തിപ്പുഴ
പുലാമന്തോൾ: കഴിഞ്ഞ രണ്ട് പ്രളയങ്ങളെ അനുസ്മരിപ്പിക്കും വിധം കുന്തിപ്പുഴ കരകവിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ചയും തുടർന്ന മഴയോടെയാണ് കുന്തിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയത്. കൂടാതെ അട്ടപ്പാടിയിലുണ്ടായ ഉരുൾപൊട്ടലും ചൊവ്വാഴ്ച 11ന് കാഞ്ഞിരപ്പുഴ ഡാമിെൻറ ഷട്ടർ 50 സെൻറിമീറ്റർ ഉയർത്തിയതും കരകവിയാൻ കാരണമായി. കരകവിയാൻ തുടങ്ങിയതോടെ ഏലംകുളം, പുലാമന്തോൾ ഗ്രാമപഞ്ചാത്തുകളിൽ കുന്തിപ്പുഴ അനുബന്ധ തോടുകളും നിറഞ്ഞൊഴുകുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മല, വളപുരം, പാലൂർ താവുള്ളിപ്പാലം ഭാഗം, കട്ടുപ്പാറ പാടം ഭാഗം, ഏലംകുളം പഞ്ചായത്തിലെ പട്ടുകുത്ത് തിരുത്ത് തുടങ്ങിയ ഭാഗങ്ങൾ വെള്ളത്തിലാവും. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഏറെ ദുരിതമനുഭവിക്കേണ്ടി വന്ന കുന്തിപ്പുഴയുടെയും അനുബന്ധ തോടുകളുടെയും ഇരുകരകളിലും വസിക്കുന്നവരുടെ നെഞ്ചിടിപ്പേറുകയാണ്.കുന്തിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി ഭരണസമിതി സജ്ജമാണെന്നും ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാലുടൻ അറിയിക്കണമെന്നും അവർ പറഞ്ഞു.