മഴ ശക്തം: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsവെള്ളം കയറിയ എടശ്ശേരികുന്ന് റോഡ്
ഊർങ്ങാട്ടിരി: തെരട്ടമ്മലിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഒരാഴ്ചയായി ഊർങ്ങാട്ടിരിയിലും പരിസര പഞ്ചായത്തുകളിലും ശക്തമായ മഴയാണ്. ഇതിനുപുറമെ നിലമ്പൂർ മേഖലയിൽ കനത്ത മഴ പെയ്തതോടെ ചാലിയാറും കരകവിഞ്ഞു.
ഇതാണ് തെരട്ടമ്മൽ പ്രദേശത്തേക്ക് വെള്ളം കയറാൻ ഇടയാക്കിയത്. നിലവിൽ തെരട്ടമ്മലിലെ താഴെ മൈതാനവും ഇതിനു സമീപത്തെ കൃഷിയിടവും വെള്ളത്തിലാണ്. ചാലിയാറിലേക്കുള്ള ചെറുപുഴയിലൂടെയാണ് ഈ പ്രദേശത്ത് വെള്ളം എത്തുന്നത്. പ്രദേശത്ത് വ്യാപക കൃഷിനാശവും സംഭവിച്ചു. പ്രധാനമായും വാഴ, പച്ചക്കറി കൃഷിയാണ് നശിച്ചത്. വെള്ളിയാഴ്ച പുലർച്ചയും മഴ കനത്ത് ചാലിയാറിൽ ജലനിരപ്പ് ഉയർന്നാൽ തെരട്ടമ്മൽ മൈതാനത്തിലെ വെള്ളം റോഡിലേക്ക് എത്തും.
ഇതോടെ തെരട്ടമ്മൽനിന്ന് മൂർക്കനാട്, ഒതായി ഭാഗങ്ങളിലേക്ക് പോകുന്ന പാത വെള്ളത്തിലാകും. എല്ലാവർഷവും കാലവർഷം ശക്തമായാൽ ഈ പ്രദേശം വെള്ളത്തിലാവാറുണ്ട്.ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോരമേഖലയായ ഓടക്കയം, ചുണ്ടത്തുംപൊയിൽ, കക്കാടംപൊയിൽ, വെണ്ടയ്ക്കയിൽ പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.
എന്നാൽ, ഉരുൾപൊട്ടൽ മേഖലയായ ഈ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇതുവരെ തയാറായിട്ടില്ല. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഓടക്കയം, കക്കാടംപൊയിൽ മേഖലയിലെ ആദിവാസി കുടുംബങ്ങൾ വലിയ ഭീതിയോടുകൂടിയാണ് കോളനികളിൽ അന്തിയുറങ്ങുന്നത്.ഇവരെ മഴ കനക്കുന്ന ഈ സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ ചാലിയാറിന് അടുത്തുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇവിടെയും വാഴ, പച്ചക്കറിക്കൾ ഉൾപ്പെടെയുള്ള കൃഷിയാണ് പ്രധാനമായും നശിച്ചത്. രാത്രിയിലും ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
ചാലിയാറിൽ ജലവിതാനം ഉയർന്നു
വാഴക്കാട്: മലയോര മേഖലയിൽ കനത്ത മഴ പെയ്തതോടെ ചാലിയാറിൽ ജലവിതാനം ഉയർന്നു. വാഴക്കാട് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചാലിയാറിൽനിന്ന് എടക്കടവ് വഴി വാഴക്കാട്ടെ പാടശേഖരങ്ങളിലെക്ക് ശക്തമായ രീതിയിൽ വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്.
വാഴക്കാട് എടശ്ശേരികുന്ന്, മതിയംകല്ലിങ്ങൽ റോഡ് എന്നിവ വെള്ളത്തിലാണ്. എടശ്ശേരികുന്ന് റോഡ് 10 ദിവസമായി വെള്ളത്തിലാണ്. റോഡ് ഉയർത്തണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 40 വർഷത്തിലെറെ പഴക്കമുള്ള റോഡാണിത്. തൊട്ടടുത്ത റോഡുകൾ ഉയർത്തി വീതി കൂട്ടിയെങ്കിലും ഈ റോഡിന് മാത്രമാണ് അവഗണനയുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
എടശ്ശേരിക്കുന്ന്, കാമ്പ്രത്തിക്കുഴി ഭാഗങ്ങളിലെ ഇരുനൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. മഴക്കാലമാവുന്നതോടെ ഭീതിയോടെയാണ് വിദ്യാർഥികൾ സ്കൂളിലെത്തുന്നത്. മറ്റു റോഡുകൾ വഴി സ്കൂളിലെത്താൻ വിദ്യാർഥികൾക്ക് ഇരട്ടിദൂരം യാത്ര ചെയ്യണം. ഇത് പലപ്പോഴും വിദ്യാർഥികളുടെ അധ്യയനംതന്നെ മുടങ്ങാൻ കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

