അതിതീവ്രമഴ സാധ്യത; ജില്ലയില്‍ ജാഗ്രത
text_fieldsവഴിക്കടവ് പുന്നപ്പുഴയിലെ പുഞ്ചക്കൊല്ലി കടവിലെ ചങ്ങാടം ഒലിച്ചുപോയതോടെ പുഴ കടക്കാനാവാതെ ഇക്കരെ കുടുങ്ങിയ ആദിവാസികൾ
മലപ്പുറം: കാലവർഷം എത്തിയതോടെ ജില്ലയിലും മഴ ശക്തമായി. അടുത്ത രണ്ട് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയില്‍ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ല കലക്ടര്‍ വി.ആര്. വിനോദ് നിര്‍ദേശം നല്കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നിവിടങ്ങളിലുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണുമാന്തി യന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ആർ.ടി.ഒക്ക് നിര്‍ദേശം നല്കി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ജൂണ്‍ ഒന്നുമുതല്‍ എൻ.ഡി.ആർ.എഫ് സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യും. എല്ലാ താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐ.ആര്.എസ് യോഗം വിളിച്ചുചേര്‍ക്കാന്‍ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വഴിയോരങ്ങളിലും സ്കൂള്‍ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ഓണ്‍ലൈനായി അടിയന്തര യോഗം ചേര്‍ന്നു. ജില്ല കലക്ടര്‍ വി.ആര്. വിനോദ്, സബ് കലക്ടര്‍മാര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

