മഴയിൽ നഷ്ടങ്ങളേറുന്നു...
text_fieldsദേശീയപാതയിൽ വളാഞ്ചേരിക്ക് സമീപം പാണ്ടികശാല ചോലവളവ് ഇറക്കത്തിൽ മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ച നിലയിൽ
പാണ്ടികശാലയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
വളാഞ്ചേരി: ദേശീയപാതയിൽ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനുമിടയിൽ പാണ്ടികശാലയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആറുവരി പാതയോടനുബന്ധിച്ച് കുറ്റിപ്പുറം ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവിസ് റോഡിൽ പാണ്ടികശാല ചോലവളവ് ഇറക്കത്തിലാണ് മണ്ണിടിഞ്ഞത്. വലിയ കല്ലുകൾ ഉൾപ്പെടെ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് അതുവഴി കടന്നുപോയ ലോറി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിക്കപ്പ് ലോറിയുടെ തൊട്ട് മുൻഭാഗത്താണ് മണ്ണ് പതിച്ചത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം. അപകടം നടന്ന ഉടനെ നാട്ടുകാർ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെപ്പിച്ചു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ മറുവശത്തുള്ള സർവിസ് റോഡിലൂടെയാണ് കടത്തിവിടുന്നത്.
50 അടിയോളം ഉയരത്തിലുള്ള കുന്ന് ഇടിച്ചാണ് ഇവിടെ സർവിസ് റോഡ് നിർമിച്ചിരിക്കുന്നത്. അതാകട്ടെ കോൺക്രീറ്റ് ചെയ്ത് സുരക്ഷ രീതിയിലാക്കിയിട്ടുമില്ല. ഒരാഴ്ച മുമ്പും ഇവിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കുത്തനെയുള്ള കുന്നിടിച്ചാണ് റോഡ് നിർമിച്ചത്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഒരുക്കാതെയാണ് അപകടകരമായ രീതിയിൽ ഇവിടെ സർവിസ് റോഡ് നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കനത്തമഴയിൽ ഇവിടെ വീണ്ടും മണ്ണിടിഞ്ഞു വീഴാനുള്ള സാധ്യത ഏറെയാണ്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പലയിടത്തും മരം വീണ് വീടുകൾ തകര്‍ന്നു
ചങ്ങരംകുളം: തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു. ചിയ്യാനൂര്‍ കൈപ്രവളപ്പില്‍ സുന്ദരന്റെ വീടാണ് തകർന്നത്. അപകട സമയത്ത് സുന്ദരന്റെ അമ്മയും ഭാര്യയും സഹോദരന്റെ ഭാര്യയും അടക്കം മൂന്ന് പേര് വീട്ടില്‍ ഉണ്ടായിരുന്നു. തലനാരിഴക്കാണ് കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാഞ്ഞിയൂരില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിനോട് ചേര്‍ന്ന ഷെഡ് തകര്‍ന്നു. ചിയ്യാനൂരില്‍ സന്തോഷിന്റെ വീടിന്റെ മുകളിലേക്ക് പനവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വളാഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീടിന്റെ മേൽക്കൂര തകർന്നു. നഗരസഭയിലെ വാർഡ് 32ൽ ഉൾപ്പെട്ട വട്ടപ്പാറ ഓടുപ്പാറ ഗംഗയുടെ ഇരുനില വീടിന്റെ മുകൾഭാഗത്തെ ഓടുമേഞ്ഞ ഭാഗത്തേക്കാണ് തൊട്ടടുത്തുള്ള പറമ്പിലെ തെങ്ങ് കടപുഴകി വീണത്. ഈ സമയം മുറിയിൽ കിടക്കുകയായിരുന്ന ഗംഗയുടെ മകന്റെ ആറുമാസം പ്രായമായ കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു അപകടം. വീഴ്ചയിൽ വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും പൂർണമായും പുറത്തെ ശുചിമുറിയുടെ കോൺക്രീറ്റ് ഭാഗികമായും തകർന്നു.
വെള്ളക്കെട്ടിൽ ഈശ്വരമംഗലം; ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുന്നു
പൊന്നാനി: മഴ കനത്തതോടെ വെള്ളക്കെട്ട് ഭീഷണി ഒഴിയാതെ ഈശ്വരമംഗലം മേഖല. ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുന്നു. പുഴയിലെ ഒഴുക്കും ശക്തമാണ്. മണൽതിട്ടകൾക്കും ചങ്ങണക്കാടുകൾക്കും മുകളിലൂടെ പുഴ പരന്നൊഴുകി. ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്ന കാന അടഞ്ഞതിനാൽ കർമ റോഡിനരികിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. അഴുക്കുചാൽ പതിവായി അടഞ്ഞു പോകുന്നതിനെക്കുറിച്ച് പലതവണ പരാതികൾ നൽകിയെങ്കിലും ഇതുവരെയും പരിഹാരമായില്ല.
പുഴയിലെ ഇനിയും ഉയർന്നാൽ തീരത്തെ മുഴുവൻ വീടുകളും വെള്ളത്തിലാകും. മഴവെള്ളം പുഴയിലേക്ക് ഒഴുക്കിവിടാനായി കർമറോഡിനടിയിൽ സ്ഥാപിച്ച വലിയ പൈപ്പുകൾക്കുള്ളിലൂടെ പുഴവെള്ളം കരയിലേക്ക് കുത്തിയൊഴുകുന്ന സാഹചര്യമുണ്ടാകും. തുടർച്ചയായ രണ്ട് പ്രളയ കാലങ്ങളിലും സമാന സംഭവമുണ്ടായതിനാൽ വലിയ തകർച്ചയാണ് ഈ മേഖല നേരിട്ടത്. വർഷങ്ങളെടുത്താണ് പിന്നീട് എല്ലാം പഴയപടിയാക്കിയെടുത്ത്. പുഴ വെള്ളം കരയിലേക്കു കയറാതിരിക്കാൻ കർമ റോഡിനരികിലെ വലിയ പൈപ്പുകൾക്ക് ഷട്ടറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

