അവൻ പോയി; ഓർമകൾ പങ്കുവെച്ച് നടൻ ഇർഷാദ് അലി
text_fieldsനിധീഷ് സുധ ഇർഷാദ് അലിക്കൊപ്പം
കോട്ടക്കൽ: അകാലത്തിൽ പൊലിഞ്ഞ യുവ സംവിധായകൻ നിധീഷ് സുധയുമായുള്ള ഓർമകൾ പങ്കുവെച്ച് നടൻ ഇർഷാദ് അലി. ‘‘എനിക്കവനും ഞാൻ അവന് ആരായിരുന്നുവെന്നുമുള്ള ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ലായെന്ന’’ വാക്കുകളോടെയാണ് ഇർഷാദ് സമൂഹമാധ്യമത്തിൽ തന്റെ വേദന പങ്കുവെച്ചത്. സിനിമയെ കുറിച്ച് നല്ല ധാരണയും ധാരാളം എഴുതുകയും വായിക്കുകയും നേട്ടങ്ങൾക്കായി നിലപാടുകളിൽ വെള്ളം ചേർക്കാതിരിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരൻ പെട്ടെന്ന് കൺമുന്നിൽ അങ്ങ് ഇല്ലാതായി പോയി. പെരുമണ്ണ ക്ലാരിയിലെ കിഴക്കേപുരക്കൽ നാരായണൻ സുധ എന്നിവരുടെ മകനാണ് നിധീഷ്. പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
മലയാള സർവകലാശാലയിൽനിന്ന് എം.എ ഫിലിം സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തികരിച്ച നിധീഷ് അമ്മയുടെ പേര് ഒപ്പം ചേർത്ത് നിധീഷ് സുധ എന്നാക്കിയായിരുന്നു സിനിമ പ്രവേശം. ആദ്യമായി സംവിധാനം ചെയ്ത മലയാളി മെമ്മോറിയൽ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത് ബേസിലും ഇർഷാദമാണ്. ഇതിന് മുമ്പ് സംവിധാനം ചെയ്ത പൊടിവാശി ഷോർട്ട് ഫിലിമിൽ നായകൻ ഇർഷാദ് ആയിരുന്നു. അന്നുതുടങ്ങിയ ആത്മബന്ധമാണ് ഇരുവരുടേതും. തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ കാത്തുനിൽക്കാതെയാണ് നിധിഷിന്റെ മടക്കം.
വ്യക്തിപരമായ നഷ്ടത്തേക്കാളുപരി അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണെന്നും ഇർഷാദ് വേദനയോടെ പറയുന്നു. 32 വർഷത്തെ ജീവിതത്തിനിടയിൽ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്നമാണ് അവന്റെ സിനിമ. ആ തിരികെടാതെ കാക്കണം. സിനിമകൾ എങ്കിലും ലോകം കാണണം. അവനുവേണ്ടി ചെയ്യാൻ ഇനിയതല്ലേ ബാക്കിയുള്ളൂവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

