സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം
text_fieldsകൊണ്ടോട്ടി: ഹജ്ജ് കർമത്തിനായി സംസ്ഥാനത്തുനിന്നുള്ള തീര്‍ഥയാത്രക്ക് കരിപ്പൂരില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് യാത്രയായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ 172 അംഗ സംഘം വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം 12.45നാണ് യാത്രതിരിച്ചത്. ഇവരില്‍ 95 വനിതകളും 77 പുരുഷന്മാരുമാണുള്ളത്.
ആദ്യ വിമാനത്തില്‍ യാത്രതിരിച്ച തീര്‍ഥാടകര്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരിപ്പൂരിലെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് ഹൃദ്യമായ വരവേൽപ് നല്കി. ടി.വി. ഇബ്രാഹിം എം.എല്‍.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീന്‍കുട്ടി, അഷ്കര്‍ കോറാട്, കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിത ഷഹീര്‍, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, ഹജ്ജ് സെല്‍ സ്പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം, സെല്‍ ഓഫിസര്‍ കെ.കെ. മൊയ്തീന്‍കുട്ടി, യൂസുഫ് പടനിലം എന്നിവരും ഹജ്ജ് ക്യാമ്പ് ഉദ്യോഗസ്ഥര്‍, വളന്റിയര്‍മാര്‍ തുടങ്ങിയവരും തീര്‍ഥാടകരെ സ്വീകരിക്കാനെത്തി. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ റിപ്പോർട്ട് ചെയ്ത തീര്‍ഥാടകരെ പ്രത്യേക വാഹനത്തില്‍ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍ എത്തിച്ചു.
ഈത്തപ്പഴങ്ങളും റോസാപ്പൂക്കളും നല്‍കിയാണ് തീർഥാടകരെ ക്യാമ്പിലേക്ക് സ്വീകരിച്ചത്. ഹജ്ജിന് പുറപ്പെടുന്നവരുടെ ആഗ്രഹസാഫല്യത്തിനായുള്ള പ്രാര്‍ഥനകളോടെയാണ് യാത്രയാക്കാനെത്തിയവര് ക്യാമ്പ് വിട്ടത്. പരസ്പരം സ്നേഹം പങ്കിട്ട് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. ശനിയാഴ്ച വൈകീട്ട് 4.30നാണ് കരിപ്പൂരില്‍നിന്നുള്ള രണ്ടാമത്തെ വിമാനം.
ഇതില്‍ 87 പുരുഷന്മാരും 86 വനിതകളുമുള്‍പ്പെടെ 173 പേരാണ് യാത്രയാകുന്നത്. ഈ സംഘം വെള്ളിയാഴ്ച വൈകീട്ട് നാലിന് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഹജ്ജ് ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ 15 വരെ മൂന്നു വിമാനങ്ങളും 16 മുതല്‍ 21 വരെ രണ്ടു വിമാനങ്ങളും യാത്രയുടെ അവസാന ദിവസമായ 22ന് ഒരു വിമാനവുമാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തുക.
ലഗേജ് നിയന്ത്രണം തുടരും
കൊണ്ടോട്ടി: ഭീകരാക്രമണ പശ്ചാത്തലത്തിലും രാജ്യാതിര്‍ത്തികളില്‍ പ്രകോപനപരമായ സാഹചര്യം തുടരുന്നതിനാലും രാജ്യാന്തര വിമാന സർവിസുകള്‍ക്ക് എയര്‍ ട്രാഫിക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഹജ്ജ് വിമാന സർവിസുകളില്‍ നടപ്പാക്കിയ ലഗേജ് നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ അധിക ഇന്ധന ചെലവില്ലാതെ നിശ്ചിത സമയം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനാണ് ലഗേജ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച വരെയുള്ള ഹജ്ജ് വിമാനങ്ങളിലെല്ലാം പരമാവധി ലഗേജ് 30 കിലോയാണ് (15 കിലോയുടെ രണ്ടു ബാഗ് വീതം) അനുവദിക്കുക. ഹാൻഡ് ബാഗേജിന്റെ ഭാരം പരമാവധി ഏഴു കിലോയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

