മണ്ഡലം പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്
text_fieldsതേഞ്ഞിപ്പലം: മണ്ഡലം പ്രസിഡന്റിനെ ഡി.സി.സി നേതൃത്വം ഏകപക്ഷീയമായി സ്ഥാനത്ത് നിന്ന് നീക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്. മണ്ഡലം പ്രസിഡന്റിന്റെ ചുമതലയിലുള്ള പ്രവീണ്‍ കടവത്തിനെ മാറ്റിയെന്നാരോപിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്.
ഡി.സി.സി അംഗീകാരത്തോടെ ആഗസ്ത് ആദ്യവാരം നിര്‍വാഹക സമിതി ചേര്‍ന്ന് തെരഞ്ഞെടുത്ത പ്രവീണ്‍ കടവത്തിനെ ഒറ്റരാത്രി കൊണ്ട് ചുമതലയില്‍ നിന്ന് മാറ്റി പകരം ജമാല്‍ കരിപ്പൂരിനെ ഡി.സി.സി നിയമിച്ചെന്നാണ് ആരോപണം. എന്നാല്‍, പ്രവീണ്‍ കടവത്തിന് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും കെ.പി.സി.സിക്ക് പരാതി നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റായിരുന്ന ജോണ്സണ് പുലിക്കോട്ടില്‍ വിദേശത്ത് പോയതിനാല്‍ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റായിരുന്ന പ്രവീണ്‍ കടവത്തിന് കൈമാറിയിരുന്നെന്നും തീരുമാനം അംഗീകരിച്ച് ജമാല്‍ കരിപ്പൂരും പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ നേതാക്കളും മിനുട്ട്സില്‍ ഒപ്പ് വെച്ചിട്ടുണ്ടെന്നും ഇക്കാര്യം ഡി.സി.സി പ്രസിഡന്റിനെ അറിയിച്ചിരുന്നതായും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
മണ്ഡലം കമ്മിറ്റി അറിയാതെയാണ് ജമാല്‍ കരിപ്പൂരിനെ പ്രസിഡന്റാക്കിയതെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം അറിഞ്ഞതെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പറയുന്നത്. കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, വി.എസ്. ജോയ് എന്നിവര്‍ ചേര്‍ന്ന് മൂന്നാം ഗ്രൂപ്പ് രൂപവത്കരണത്തിനായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എ ഗ്രൂപ്പ് നിയന്ത്രണത്തിലായിരുന്ന കമ്മിറ്റിയെ ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും ചേര്‍ന്ന് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. ഭാരവാഹി പോലും അല്ലാത്തയാളെ ചുമതലപ്പെടുത്തിയെന്ന് ഡി.സി.സി പ്രസിഡന്റിന്റെ ലെറ്റര്‍ പാഡില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഒരു പ്രാദേശിക നേതാവ് പറഞ്ഞു. ജമാല്‍ കരിപ്പൂര്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നേരത്തെ ജില്ല നേതൃത്വത്തിലേക്ക് മത്സരിച്ചിരുന്നു.
അന്ന് ഡി.സി.സി പ്രസിഡന്റ് പക്ഷത്തിന് അനഭിമതനായിരുന്നു ഇദ്ദേഹമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. പ്രീണന നയത്തിന്റെ ഭാഗമായുള്ള വിട്ടുവീഴ്ചകളാണ് പ്രവീണ്‍ കടവത്തിനെ തഴഞ്ഞ് ജമാലിനെ പരിഗണിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. മണ്ഡലം പ്രസിഡന്റായിരുന്ന ജോണ്സണ് പുലിക്കോട്ടില്‍ ഡിസംബറോടെ നാട്ടില്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

