മലപ്പുറം ഗവ. വനിത കോളജ് നിർമാണം; 15.69 കോടിയുടെ കെട്ടിടം ടെൻഡർ നടപടിയിൽ
text_fieldsമലപ്പുറം: കാരാതോട് ഇൻകെൽ വ്യവസായ പാർക്കിൽ മലപ്പുറം ഗവ. വനിത കോളജിന്റെ പുതിയ കെട്ടിടത്തിനുള്ള ടെൻഡർ നടപടി തുടങ്ങി. കിഫ്ബിയിൽ ഉൾപ്പെടുത്തി 15.69 കോടി രൂപയാണ് പുതിയ കെട്ടിടത്തിന് അനുവദിച്ചിരിക്കുന്നത്. നിലവിൽ പ്രവൃത്തി പൂർത്തിയായ കെട്ടിടം പഠനസൗകര്യത്തിന് തികയാത്ത സാഹചര്യത്തിലാണ് ഒരു കെട്ടിടംകൂടി നിർമിക്കുന്നത്. നിർമിക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് നില കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ലാബ്, ക്ലാസ് റൂം എന്നിവയുണ്ടാകും. കരാറിൽ ഒപ്പിടുന്നതോടെ ടെൻഡർ പൂർത്തിയാക്കി നിർമാണപ്രവൃത്തി ആരംഭിക്കും.
കേരള വ്യവസായ സാങ്കേതിക കൺസൾട്ടൻസി ഓർഗനൈസേഷൻ (കിറ്റ്കോ) ലിമിറ്റഡിനാണ് നിർമാണ ചുമതല. വ്യവസായ പാർക്കിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2.30 കോടി രൂപ ചെലവിൽ 2021 സെപ്റ്റംബറിൽ നിർമാണം ആരംഭിച്ച രണ്ട് നില കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.
പെയിന്റിങ് ജോലിയും പൂർത്തിയായിട്ടുണ്ട്. ഇനി ക്ലാസ് മുറികളിൽ ഫർണിച്ചറുകളും മറ്റ് സൗകര്യങ്ങളുമാണ് ഒരുക്കാനുള്ളത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാൻ കെട്ടിടത്തിൽ സൗകര്യമില്ലാതെ വന്നതോടെയാണ് ഒരു കെട്ടിടംകൂടി നിർമിക്കുന്നത്.
എല്ലാ നിർമാണപ്രവർത്തനങ്ങളും 2024 ജൂണിന് മുമ്പ് പൂർത്തിയാക്കി കോളജ് ഇവിടെ ആരംഭിക്കാനാണ് നീക്കം. നിലവിൽ മലപ്പുറം-കൂട്ടിലങ്ങാട്ടി റോഡിൽ കാവുങ്ങലിലെ സ്വകാര്യകെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
