മൂർക്കനാട് പഞ്ചായത്ത് നൽകിയ ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
text_fieldsകൊളത്തൂർ: മൂർക്കനാട് പഞ്ചായത്തിൽ ആട് വളർത്തൽ പദ്ധതി വഴി ഗുണഭോക്താക്കൾക്ക് നൽകിയ ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി.
പദ്ധതിയിൽ 30 ഗുണഭോക്താക്കൾക്കായി 60 ആടുകളെയാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി മിക്കവയും ചത്തു.
ഏറെ പ്രതീക്ഷയോടെ ആടുകളെ വാങ്ങിയ നിർധന കുടുംബങ്ങൾക്കാണ് ഈ ഗതി. ജനറൽ വിഭാഗത്തിൽ ഗുണഭോക്തൃ വിഹിതമായി 6000 രൂപയും എസ്.സി വിഭാഗത്തിൽ 3000 രൂപയുമാണ് ഈടാക്കിയത്.
ആടുകളെ കൈപ്പറ്റുന്ന സമയത്ത് രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. ആടുകൾക്ക് വൈറസ് ബാധയുള്ളതായാണ് പഞ്ചായത്ത് വെറ്ററിനറി വിഭാഗം പറയുന്നത്. രോഗം പടർന്നുപിടിച്ചതാണ് കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണം.

