ജർമൻ, അറബി ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും
text_fieldsമലപ്പുറം: ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷ പരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൊന്നാനിയിൽ അനുവദിച്ചത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീൻ കേന്ദ്രവും സംയുക്തമായാണ് കോഴ്സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ-വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റിവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക. ജർമൻ, അറബിക് ഭാഷ പഠനത്തിനുള്ള മികച്ച ലൈബ്രറി സൗകര്യവും ഡിജിറ്റൽ ക്ലാസുകളും എർപ്പെടുത്തും. വിവിധ ഭാഷ സമൂഹങ്ങളുമായി ഇടപഴകാനുള്ള അവസരം, തുടർഗവേഷണത്തിനുള്ള അവസരങ്ങൾ, വിവർത്തനത്തിനുള്ള പരിശീലനം എന്നിവയും കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെ ഭാഗമായി ഉണ്ടാകും. അപേക്ഷ മാർച്ച് പത്തുവരെ സ്വീകരിക്കും.
അപേക്ഷ ഗൂഗിൾ ഫോം രൂപത്തിൽ ഓൺലൈനായി നൽകും. ഇത് സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാക്കും. അപേക്ഷാ ഫീസ് 500 രൂപയാണ്. അർഹതയുള്ള സാമൂഹിക വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. കോഴ്സിന് സൗകര്യപ്രദമായ ബാച്ചുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഒരു ബാച്ചിൽ പരമാവധി 30 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുക. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. 5000 രൂപയാണ് അറബിക് കോഴ്സിന്റെ ഫീസ്. 10000 രൂപയാണ് ജർമൻ കോഴ്സിനുള്ളത്. 120 മണിക്കൂറാണ് അറബിക് കോഴ്സിന്റെ ദൈർഘ്യം. ജർമൻ കോഴ്സ് കാലയളവ് 80-90 മണിക്കൂറാണ്. കോഴ്സ് വിശദവിവരങ്ങൾ www.malayalamuniversity.edu.in എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

