പുളിക്കല്‍ ഗ്രാമപഞ്ചായത്ത് എം.സി.എഫില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു
text_fieldsപുളിക്കല്‍ ആല്‍പ്പറമ്പ് ആലുങ്ങല്‍ അവുഞ്ഞിക്കാട് പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ നിലയില്‍
പുളിക്കല്‍: തദ്ദേശഭരണ സ്ഥാപനങ്ങളെ മാലിന്യമുക്തമായി പ്രഖ്യാപിക്കുമ്പോഴും പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകർമസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം ആല്‍പ്പറമ്പ് ആലുങ്ങല്‍ അവുഞ്ഞിക്കാട് ഭാഗത്തുള്ള ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫിൽ കുമിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നതായി പരാതി വ്യാപകം.
യഥാസമയം തരംതിരിച്ചു കൊണ്ടുപോകാതെ അജൈവ മാലിന്യവും അനധികൃതമായി കേന്ദ്രത്തില്‍ തള്ളുന്ന ജൈവ മാലിന്യവും വേനല്‍മഴയില്‍ കുതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
പൊതുജനാരോഗ്യത്തിനും പ്രദേശത്തെ ജീവിതാന്തരീക്ഷത്തിനും വെല്ലുവിളിയായ പ്രശ്നത്തിന് അടിയന്തര പരിഹാര നടപടികളില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് സമയബന്ധിതമായി കയറ്റി അയച്ചിരുന്നതിനാല്‍ വലിയ പ്രയാസങ്ങളില്ലാതെയായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പ്. എന്നാലിപ്പോള്‍ മാസങ്ങളായി മാലിന്യം കയറ്റി അയക്കുകയോ വേര്‍തിരിക്കുകയോ ചെയ്യാതെ എം.സി.എഫ് പരിസരത്ത് അലക്ഷ്യമായിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മാലിന്യം കുമിഞ്ഞുകൂടിയതോടെ പുറത്തുനിന്നുള്ള മാലിന്യങ്ങളും സാമൂഹിക വിരുദ്ധര്‍ തള്ളുന്നുണ്ട്. ഇതോടെ തെരുവുനായ് ശല്യവും മേഖലയില്‍ രൂക്ഷമാണ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് ഉന്നത ഉദ്യോഗസ്ഥരടക്കം സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
വേനല്മഴയെത്തുകയും പകര്‍ച്ച വ്യാധി ഭീഷണി നിലനില്ക്കുകയും ചെയ്യുമ്പോള്‍ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ മാലിന്യം കേന്ദ്രത്തില്‍നിന്ന് നീക്കാതെ പുതിയതായി ശേഖരിക്കുന്ന മാലിന്യം കേന്ദ്രത്തിലെത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

