Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്കൃതനാടകവേദിയിൽ...

സംസ്കൃതനാടകവേദിയിൽ തിളങ്ങി പരപ്പനങ്ങാടി സ്വദേശി ഗലീൽ

text_fields
bookmark_border
സംസ്കൃതനാടകവേദിയിൽ തിളങ്ങി പരപ്പനങ്ങാടി സ്വദേശി ഗലീൽ
cancel
camera_alt

ഗലീലും മാതാവ് റുഖിയയും

പരപ്പനങ്ങാടി : മകനെ സംസ്കൃത ബിരുദധാരിയാക്കണ​മെന്ന പിതാവ് തയ്യിൽ ഗസ്സാലിയുടെ ആഗ്രഹമാണ് പരപ്പനങ്ങാടി സ്വദേശിയായ തയ്യിൽ ഗലീലിന് സംസ്കൃതത്തിലേക്കുള്ള വാതിലുകൾ തുറന്ന് നൽകിയത്. 2012ൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെൻറ് സംസ്കൃതകോളേജിൽ സംസ്കൃത സാഹിത്യവിഭാഗത്തിൽ ബിരുദത്തിന് പ്രവേശനം നേടിയതോടെയാണ് വേദഭാഷയിലേക്കുള്ള ഗലീൽ ആദ്യമായി ചുവടുവെക്കുന്നത് . സംസ്കൃതത്തിൽ ബാല പാഠങ്ങളറിയില്ലെങ്കിലും രക്ഷിതാക്കളുടെ പ്രാർത്ഥനകളും സ്വപ്നങ്ങളും കൂടെയുണ്ടാകുമ്പോൾ എല്ലാം അതിജീവിക്കാനാകുമെന്ന ശുഭാപ്തിയിലാണ് ബിരുദത്തിന് ഗലീലിനെ സംസ്കൃതഭാഷയെടുക്കാൻ പ്രേരിപ്പിച്ചത്.

തുടർന്ന് അതുവരെ അജ്ഞാതമായ സംസ്കൃതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചെടുക്കുകയായിരുന്നു ശ്രമം. ഇതിനായി എല്ലാ ഞായറാഴ്പുകളിലും പട്ടയിൽ പ്രഭാകരൻ മാഷിന്റെ വസതിയിൽ നിന്ന് സൗജന്യമായി നൽകിയിരുന്ന സംസ്കൃതം ഭാഷാ പഠന ട്യൂഷനിലൂടെയാണ് അക്ഷരമാല മുതൽ പഠിച്ചു തുടങ്ങിയത്. സംസ്കൃത ഭാഷയിലെ ഗലീലിന്റെ താൽപര്യമറിഞ്ഞ് കോളജ് അധ്യാപകനായ വി.പി വിജയൻ മാഷ് സംസ്കൃത വ്യാകരണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി. സംസ്കൃത ഭാരതി നടത്തുന്ന സായാഹ്‌ന ക്ലാസുകളെ കുറിച്ച് പരിചയപ്പെടുത്തി ഡോ. എ. വാസു മാഷും നാടകത്തിലേക്കുള്ള വഴിതുറന്ന് ഡോ. എം. സത്യൻ മാഷും ഗലീലിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തി.

ഡിഗ്രി രണ്ടാം വർഷത്തിൽ സംസ്കൃത വിഭാഗം നടത്തിയ പഞ്ചദിന നാട്യശിൽപ്പശാലയിൽ കൊയിലാണ്ടി സംസ്കൃത സാഹിത്യ വിഭാഗം അദ്ധ്യാപകൻ ഡോ. എം.കെ സുരഷ്ബാബു കാളിദാസ നാടകമായ അഭിഞ്ജാന ശാകുന്തളത്തിൽ നായക കഥാപാത്രമായ ദുഷ്യന്തനെ നൽകിയതോടെയാണ് അഭിനയത്തിലേക്ക് ഗലീൽ ചുവടുറപ്പിക്കുന്നത്. ഡേ. എം. സത്യന്റെ ആധുനിക സംസ്കൃതനാടകമായ ആയിഷയിൽ നായകകഥാപാത്രം അറബിയായി അഭിനയിക്കാനും സാധിച്ചു.

ഡോ. കെ.എൽ പദ്മദാസിൻ്റെ നിർദേശപ്രകാരം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിൽ പ്രവേശനം നേടിയതോടെ നൂതനമായൊരു വാതായനമാണ് തുറക്കപ്പെട്ടത്. രാഷ്ട്രീയവും-സാമൂഹികവും - സാംസ്കാരികവുമായ നിരവധി ആശയങ്ങളെ വിപുലമാക്കാൻ ആ ക്യാംപസ് ഗലീലിനെ സഹായിച്ചു. അതിനിടെ ക്ഷേത്രങ്ങളിൽ വേദ പഠനത്തിന് നേതൃത്വമേകി. ഒരു മുസ്ലിം ബാലൻ ക്ഷേത്രങ്ങളിൽ വേദം പഠിപ്പിക്കാനെത്തിയത് ജില്ലയിലെ വിശ്വാസികൾ ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.

2016ൽ തിരുപ്പതി സെൻട്രൽ സാൻസ്ക്രിറ്റ് യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആൾ ഇന്ത്യാ സാൻസ്ക്രിറ്റ് സ്റ്റുഡൻസ് ടാലൻ്റ് ഫെസ്റ്റിവലിൽ സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനവും , മോണോ ആക്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 2017ൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനം നേടുകയും, ആ വർഷത്തെ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2017 ൽ കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭാസസമാരോഹ് എന്ന ഇൻ്റർനാഷണൽ കോൺഫ്രൻസിൽ മോണോ ആക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു.

2018ൽ ബി.എഡി ന് നാഷണൽ സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ പ്രദേശിക കേന്ദ്രത്തിൽ പ്രവേശനം നേടി . തുടർന്ന് ഉപകേന്ദ്രത്തെ പ്രതിനിധീകരിച്ച് രണ്ടു വർഷം ദേശീയ നാട്യ മഹോത്സവത്തിൽ പങ്കെടുക്കുകയും, 2019 ൽ രണ്ടാം സ്ഥാനവും, നാടകത്തിലെ മികച്ച രണ്ടാമത്തെ നടനായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി 2018ൽ പത്താമത് ഇൻ്റർ ക്യാംപസ് യൂത്ത് ഫെസ്റ്റിവലിൽ മോണോ ആക്ടിലും, സംസ്കൃതഗീതാലാപന മത്സരത്തിലും രണ്ടാം സ്ഥാനം നേടി.2019 മുതൽ കലോത്സവങ്ങളിൽ സംസ്കൃത നാടക അധ്യാപനം ആരംഭിച്ചു.

2023 മുതൽ 2025 വരെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ സംസ്കൃത നാടകങ്ങൾക്ക് സംവിധായകനായി ഒന്നാം സ്ഥാനം നേടി. 2023 ൽ കാലിക്കറ്റ് സർവകലാശാല യൂനിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ സംസ്കൃതനാടകത്തിൽ ഒന്നാം സ്ഥാനം നേടി.2024 ൽ തിരുപ്പതി സെൻട്രൽ സാൻസ്ക്രിറ്റ് യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആൾ ഇന്ത്യാ സാൻസ്ക്രിറ്റ് സ്റ്റുഡൻസ് ടാലൻ്റ് ഫെസ്റ്റിവലിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ പ്രതിനിധീകരിച്ച് സംവിധാനം ചെയ്ത സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനവുംനേടി. നിലവിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയാണ് .

പിതാവ് മത്സ്യ തൊഴിലാളിയായ ഗസ്സാലിയും മാതാവ് റുഖിയയും സഹോദരങ്ങളായ ഗദ്ധാഫി , ഡോ:ഗഫാർ ഖാൻ, സഹോദരി മരിയത്ത് എന്നിവരുടെ പൂർണ പിന്തുണയാണ് ഗലീലിന്റെ നേട്ടങ്ങൾക്ക് പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramasanskritMalappuram News
News Summary - Galil, a native of Parappanangadi, shines on the Sanskrit stage
Next Story