മലപ്പുറം ജില്ല സഹകരണ ആശുപത്രിയില്‍ സൗജന്യ കോവിഡ് ചികിത്സ ഒരാഴ്ചക്കകം
text_fieldsമലപ്പുറം ടൗൺ ഹാളിൽ ആരംഭിക്കുന്ന സൗജന്യ കോവിഡ് ചികിത്സ കേന്ദ്രത്തിന് നഗരസഭ നൽകിയ കട്ടിലുകൾ കുടുംബശ്രീ പ്രവർത്തകർ ക്യാമ്പിനകത്തേക്ക് കൊണ്ടുപോകുന്നു
മലപ്പുറം: പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രിയില്‍ സൗജന്യ കോവിഡ് ചികിത്സ ഒരാഴ്ചക്കകം ആരംഭിക്കും. നഗരസഭ ടൗണ്‍ ഹാളിലാണ് കിടത്തിച്ചികിത്സ സൗകര്യം ഒരുക്കുന്നത്.
100 കിടക്കകളുള്ള ചികിത്സ കേന്ദ്രം ഒരുക്കാനാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ 40 കിടക്കകളുമായി ചികിത്സ തുടങ്ങും. ജനങ്ങളുടെ സഹകരണത്തോടെയാണ് ചികിത്സ കേന്ദ്രം തയാറാക്കുന്നതെന്ന് ആശുപത്രി പ്രസിഡൻറ് കെ.പി.എ. മജീദ് പറഞ്ഞു. ആവശ്യമായ കിടക്കകള്‍ നഗരസഭ നല്കി. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ അവ ടൗൺ ഹാളിൽ എത്തിച്ചു.
പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ് കോവിഡ് ചികിത്സ കേന്ദ്രമാക്കുന്നു
മലപ്പുറം: കോവിഡ് രോഗികള്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോവിഡ് ചികിത്സ കേന്ദ്രമാക്കുന്നു. 50 കിടക്കകളോടെയുള്ള സെക്കന്‍ഡ് ലൈന്‍ ചികിത്സ കേന്ദ്രമാണ് ഒരുക്കുന്നത്. ജില്ല ദുരന്ത നിവാരണ അതോറിറ്റി വിദ്യാലയം ഏറ്റെടുത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയതോടെ ചികിത്സ കേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.
മൂന്ന് ഡോക്ടര്‍മാര്‍, നാല് നഴ്സുമാര്‍, മൂന്ന് ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ സേവനം ചികിത്സ കേന്ദ്രത്തിലുണ്ടാകും. ഇവരുടെ നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കും. ആരോഗ്യപ്രവര്‍ത്തകരുടെ നിയമനം പൂര്‍ത്തിയാകുന്നതോടെ ചികിത്സ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. ചികിത്സ സംവിധാനങ്ങളും പ്രാഥമിക സൗകര്യങ്ങളും ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് 36 ലക്ഷം അനുവദിച്ചു. എടക്കരയിലെ സംഭരണ കേന്ദ്രത്തില്‍നിന്ന് കട്ടിലുകളും കിടക്കകളും എത്തിക്കാന്‍ നടപടികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

