സ്വീഡൻ വിസ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: തൃശൂർ സ്വദേശി പിടിയിൽ
text_fieldsജിന്റോ
കാളികാവ്: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കാറളം ജിന്റോ പൗലോസിനെ (36) തിരുവനന്തപുരം കിളിമാനൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കാളികാവ് അടക്കാക്കുണ്ട് സ്വദേശി കാരടി മുഹമ്മദ് അൻശിഫ്, കേരള സ്വദേശി ആലക്കൽ മുഹമ്മദ് ജാബിർ എന്നിവരുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
2024 ജൂലൈയിലാണ് ജിന്റോ നിലമ്പൂരിൽ താമസത്തിന് എത്തിയത്. തനിക്ക് നോർവേയിലായിരുന്നു ജോലിയെന്നും ഇനി സ്വീഡനിലേക്ക് മാറുകയാണെന്നും ഇയാൾ ഫ്ലാറ്റുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
താൻ ജോലി ചെയ്യുന്ന സ്വീഡനിലെ കമ്പനിയിലേക്ക് കുറച്ച് വിസയുണ്ടെന്നും ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ നൽകാമെന്നും പറഞ്ഞ് നാട്ടിലുള്ള പല ആളുകളിൽനിന്നായി 90 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. 2025 മേയോടെ ഒരു മാസത്തിനകം മെഡിക്കലിനായി താൻ പറയുന്ന സ്ഥലത്ത് എത്തണമെന്ന് പണം നൽകിയ ആളുകളെ അറിയിച്ച ശേഷം തൃശൂരിലെ വീട്ടിലേക്കെന്ന് പറഞ്ഞ് ജിന്റോ അപ്രത്യക്ഷനായി.
ആദ്യം പൊള്ളാച്ചിയിലേക്കും പിന്നീട് കിളിമാനൂരിലേക്കും താമസം മാറ്റി. ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നപ്പോൾ പണം നൽകിയ ആൾക്കാർ ജിന്റോയെ അന്വേഷിച്ച് തൃശൂരിലെ വീട്ടിലും ഭാര്യവീട്ടിലും ചെന്നെങ്കിലും ദീർഘകാലമായി അങ്ങോട്ട് ചെന്നിട്ടില്ലെന്നും ജിന്റോ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്താറുള്ള ആളാണെന്നും അറിയാൻ കഴിഞ്ഞു.
കാളികാവ് പൊലീസിന്റെ അന്വേഷത്തിൽ പ്രതി കിളിമാനൂരിലുണ്ടെന്ന് മനസ്സിലാക്കി പിടികൂടുകയായിരുന്നു. കിളിമാനൂരിൽ വേഷം മാറി മീൻ കച്ചവടം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കാളികാവ് പൊലീസ് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വ്യതീഷ്, ശ്രീജിത്ത്, ഷൈജു, റിയാസ് ചീനി, മൻസൂറലി, ഹർഷാദ്, സ്പെഷൽ ബ്രാഞ്ച് ഫീൽഡ് ഓഫിസർ ടി. വിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

