എസ്.പിയുടെ പേരിൽ വാട്സ്ആപ് വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പ്: ബിഹാർ സ്വദേശി അറസ്റ്റിൽ
text_fieldsസിക്കന്ദർ സാദ
മലപ്പുറം: മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ ഫോട്ടോ പ്രൊഫൈലായി വെച്ച് വാട്സ്ആപ്പിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ സിക്കന്ദർ സാദയാണ് (31) മലപ്പുറം സൈബർ ക്രൈം പൊലീസിന്‍റെ പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് ഇയാളെ വലയിലാക്കിയത്. എസ്.പിയെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ഇയാൾ വ്യാജമായ ലിങ്കുകൾ അയച്ചുകൊടുത്ത് തട്ടിപ്പിന് ശ്രമം നടത്തിയിരുന്നു.
ആമസോൺ ഗിഫ്റ്റ് കാർഡ് വൗച്ചറുടെ വ്യാജ ലിങ്കുകളാണ് ഇയാൾ കൂടുതലായും അയച്ചുനൽകിയത്. പൊലീസിന്‍റെ അന്വേഷണത്തിൽ ഇയാൾ നിരവധിപേരിൽനിന്ന് ഇത്തരത്തിൽ പണം തട്ടാൻ ശ്രമിച്ചെന്ന് കണ്ടെത്തി. വ്യാജ മേൽവിലാസത്തിൽ സിം കാർഡുകളെടുത്ത് വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സൈബർ പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതിയുടെ താമസ സ്ഥലം ദിവസങ്ങളോളം നിരീക്ഷിച്ച് കർണാടക പൊലീസുമായി സഹകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയുടെ കൈയിൽനിന്ന് തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെത്തി. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

