സേവനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി സര്‍വകലാശാലയില്‍ നാല് കെട്ടിടങ്ങള്‍
text_fieldsതേഞ്ഞിപ്പലം: വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സംരംഭകര്‍ക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ചൊവ്വാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരീക്ഷഭവനിലെ സ്റ്റുഡന്റ്സ് സര്‍വിസ് ഹബ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍-ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് (ഐ.ക്യു.എ.സി -ഡി.ഒ.ആര്) കെട്ടിടം, നൂതന സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്റര്‍ -ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ടി.ബി.ഐ -ഐ.ഇ.ടി), സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആൻഡ് എന്റര്‍പ്രണര്‍ഷിപ് എന്നിവയാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
സ്റ്റുഡന്റ്സ് സര്‍വിസ് ഹബ്
തേഞ്ഞിപ്പലം: വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനും തിരക്കൊഴിവാക്കാനും വിശ്രമിക്കാനുമായി പരീക്ഷഭവനില്‍ സ്റ്റുഡന്റ്സ് സര്‍വിസ് ഹബ് സജ്ജമായി. നിലവില്‍ പരീക്ഷഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫിസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. ബി.എ, ബി.എസ്.സി, ബി.കോം, ബി.ടെക്, പി.ജി, ഇ.പി.ആര്, വിദൂരവിഭാഗം എന്നിവക്കായി എട്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമെ ചലാന്‍ അടക്കാനും ഫോം വിതരണത്തിനും കൗണ്ടറുകളുണ്ടാകും. ഓരോ സെക്ഷനിലും സെക്ഷന്‍ ഓഫിസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും.
രണ്ട് കിയോസ്കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷഭവന് സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വിശദമാക്കുന്ന വിഡിയോകള്‍ പ്രദര്‍ശിപ്പിക്കാൻ മൂന്ന് സ്ക്രീനുകളും സജ്ജമാണ്. ഒരേസമയം 60 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, മുലയൂട്ടല്‍ മുറി, കുടിവെള്ള സൗകര്യം എന്നിവ ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്.
ഇന്നവേഷന്‍ ആൻഡ് എന്റര്‍പ്രണര്‍ഷിപ്
സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആൻഡ് എന്റര്‍പ്രണര്‍ഷിപ് (സി.ഐ.ഇ) വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും നൂതനാശയങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനാണ്. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ചാണ് പദ്ധതി. 8000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ പകുതിയിലേറെ സ്ഥലവും ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിനുള്ളതാണ്. 64 പേര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്ഥലമുണ്ട്.
ഫാബ്രിക്കേഷന്‍ ലാബിനും ഫര്‍ണിച്ചറിനുമായി 50 ലക്ഷം രൂപയാണ് സ്റ്റാര്‍ട്ടപ് മിഷന് നല്‍കിയത്. നിതി ആയോഗിന് കീഴിലെ അടല്‍ കമ്യൂണിറ്റി ഇന്നവേഷന്‍ സെന്റര്‍ വഴി അഞ്ച് കോടി രൂപ പ്രോജക്ട് ധനസഹായത്തിന് സി.ഐ.ഇയെ തെരഞ്ഞെടുത്തിട്ടുണ്ട്. പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുകയാണ് സി.ഐ.ഇയുടെ കടമ.
ഐ.ക്യു.എ.സി കെട്ടിടം
സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കാനുള്ള ഐ.ക്യു.എ.സി സംവിധാനത്തിനും ഗവേഷണ ഡയറക്ടറേറ്റിനുമായി ഭരണകാര്യാലയത്തിന് പിന്നിലായാണ് പുതിയ കെട്ടിടം. 1260 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിന് 3.35 കോടി രൂപയാണ് ചെലവ്. സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കെട്ടിടം.
ആശയങ്ങള്‍ക്ക് ചിറകേകാന്‍ ടി.ബി.ഐ-ഐ.ഇ.ടി, സി.ഐ.ഇ
തേഞ്ഞിപ്പലം: നൂതന സാങ്കേതിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണ് ടി.ബി.ഐ-ഐ.ഇ.ടി (ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്റര്‍ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി). വ്യവസായ സംരംഭങ്ങളെയും അക്കാദമിക് മേഖലയെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
നൂതന സംരംഭകര്‍ക്ക് ഓഫിസ്, ഇന്റര്‍നെറ്റ് സൗകര്യങ്ങളും കമ്പനി രജിസ്ട്രേഷന്, വിവിധ ഗ്രാന്റുകള്‍ ലഭ്യമാക്കല്‍, മാര്‍ക്കറ്റിങ് തുടങ്ങിയവക്കുമുള്ള സഹായങ്ങള്‍ ഇവിടെ ലഭ്യമാകും. കാലിക്കറ്റ് സര്‍വകലാശാല ചെനക്കല്‍ റോഡിലാണ് ഇതിനുള്ള കെട്ടിടം. ഒരേസമയം 30 സംരംഭകര്‍ക്ക് വരെ ഇവിടെ പ്രവര്‍ത്തന സൗകര്യമുണ്ടാകും. നിലവില്‍ അഞ്ച് സ്ഥാപനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഐ.ടി, മീഡിയ, ആരോഗ്യം, കായികം തുടങ്ങിയ മേഖലകള്‍ക്കാണ് പ്രാധാന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

