ഇരയായി: എഴുപതേക്കറിൽ കടുവയെ കാത്ത് വനംവകുപ്പ്
text_fieldsഅടക്കാകുണ്ട് എഴുപതേക്കറിൽ റൂഹാ എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്
കാളികാവ്: അടക്കാകുണ്ട് എഴുപതേക്കറിൽ കടുവയെ പിടിക്കാൻ കെണി സജ്ജമായി. കടുവയെ കുടുക്കാൻ പ്രദേശത്തേക്ക് കെണി കൊണ്ടുവന്നുവെങ്കിലും ഇരയെ കിട്ടാത്തതിനാൽ കെണി സ്ഥാപിക്കാൻ വൈകിയിരുന്നു. കഴിഞ്ഞദിവസം വനംവകുപ്പ് തന്നെ ആടിനെ ലഭ്യമാക്കി കൂട്ടിനകത്ത് വെച്ചതോടെ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാർ. വയനാട്ടിൽനിന്ന് കൊണ്ടുവന്ന കെണി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അമ്പതേക്കർ റൂഹാ എസ്റ്റേറ്റിൽ സ്ഥാപിച്ചത്.
രണ്ടാഴ്ച മുമ്പ് കടുവ പശുവിനെ കടിച്ച് കൊല്ലുകയും പിറ്റേ ദിവസവും അതേ സ്ഥലത്ത് കടുവയെത്തിയതായും വനംവകുപ്പ് കാമറയിൽ ദൃശ്യമായിരുന്നു. ഇതോടെയാണ് കെണി വെക്കാൻ തീരുമാനിച്ചത്. നേരത്തേ, കരുവാരക്കുണ്ട് ഭാഗത്ത് ഒരു പുലിയും കടുവയും വനം വകുപ്പ് കെണിയിൽ കുടുങ്ങിയിരുന്നു.
അതേസമയം, കടുവ ഭീഷണി ഒഴിയണമെങ്കിൽ കടുവകൾക്കും പുലികൾക്കും താവളമാവുന്ന തോട്ടങ്ങളിലെ കാടുകൾ കൂടി വെട്ടിനീക്കാൻ തോട്ടമുടമകൾ തയാറാവാണമെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, തുടർച്ചയായി മഴ പെയ്യുന്നതിനാൽ കാട് വെട്ടിത്തെളിച്ച് ഏതാനും ദിവസം കഴിയുമ്പോഴേക്ക് വീണ്ടും വേഗത്തിൽ കാട് വളരുകയാണെന്നാണ് കർഷകർ പറയുന്നത്. കാട് വെട്ടി നീക്കാൻ ചെലവാകുന്ന തുകക്ക് സബ്സിഡി നൽകാൻ അധികൃതർ തയാറാവണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

