പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം കൈമാറി
text_fieldsപെരുവള്ളൂരിലെ 72 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
പെരുവള്ളൂർ: പെരുവള്ളൂരിൽ വെള്ളിയാഴ്ച നടന്നത് ജില്ലയിലെ ഏറ്റവും വലിയ പട്ടയമേള. 72 കുടുംബങ്ങൾക്കാണ് ഇതുവഴി പട്ടയം ലഭിച്ചത്. ദുരിതത്തിലായ ലക്ഷംവീട് കോളനികളിലെ കുടുംബങ്ങൾക്ക് തുണയായത് 2018 മുതൽ ഗ്രാമപഞ്ചായത്തും വില്ലേജ് അധികൃതരും നടത്തിയ നിരന്തര ഇടപെടലുകളാണ്. വട്ടപ്പറമ്പ്, തടത്തിൽ, ഉള്ളാട്ട് മാട്, ചുള്ളിയാല പുറായി ലക്ഷംവീട് കോളനികളിലായി 2003 ൽ നാല് സെന്റ് വീതം കൈവശരേഖ നൽകി വിവിധ കുടുംബങ്ങൾക്ക് പതിച്ച് നൽകിയിരുന്നു. കോളനിവാസികൾക്ക് വീട് വെക്കാനുളള ധനസഹായവും പിന്നീട് ഗ്രാമപഞ്ചായത്ത് നൽകി. ഈ ഭൂമിയുടെ പട്ടയത്തിനായി 2013 ൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. തുടർന്നാണ് 2017 ൽ വീണ്ടും അപേക്ഷ നൽകിയത്.
റവന്യൂ വകുപ്പിലും സർക്കാറിലും പെരുവള്ളൂർ പഞ്ചായത്ത് നടത്തിയ സമ്മർദ്ദവും പുതുതായി വന്ന വില്ലേജ് ഓഫിസറുടെയും തഹസിൽദാറുടെയും പരിശ്രമവും കൂടിയായതോടെ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാൻ വഴിയൊരുങ്ങുകയായിരുന്നു. മന്ത്രി കെ. രാജൻ പട്ടയവിതരണം ഉദ്ഘാടനം ചെയ്തു.
നേരത്തെ 10 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിരുന്നു. 83 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാൻ വഴിയൊരുക്കിയ പഞ്ചായത്ത്, വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരെ മന്ത്രി കെ. രാജനും പി. അബ്ദുൽ ഹമീദ് എം.എൽ.എ യും അഭിനന്ദിച്ചു. തഹസിൽദാർ പി.ഒ സാദിഖ്, വില്ലേജ് ഓഫിസർ കെ. സുബിൻ ജോസഫ് എന്നിവർക്ക് പെരുവള്ളൂർ സർവീസ് സഹകരണ ബാങ്കും വില്ലേജ് വികസന സമിതിയും നൽകിയ ഉപഹാരം മന്ത്രി കൈമാറി.
ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, ജില്ലാ പഞ്ചായത്ത് മെബർ സറീന ഹസീബ്, ബ്ലോക്ക് മെമ്പർ പി.കെ റംല, ഇസ്മായിൽ കാവുങ്ങൽ, എ.സി അബ്ദുറഹിമാൻ ഹാജി, ആയിഷ ഫൈസൽ, ഇരുമ്പൻ സൈതലവി, എം. സുരേന്ദ്രൻ , എൻജിനീയർ ടി. മൊയ്തീൻകുട്ടി, ടി.കെ മുജീബ്, കെ. യുനസ് സലിം, എം. ബാബു, എ.ഡി.എം മൊഹറലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

