അപകടക്കെണിയായി കുന്നുമ്മലിലെ നടപ്പാത
text_fields1. മലപ്പുറം-മഞ്ചേരി റോഡിൽ ടൗൺ ഹാളിന് മുന്നിലെ നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയായ കമ്പി 2. മഞ്ചേരി
റോഡിൽ കോട്ടക്കുന്നിലേക്കുള്ള വഴിയിൽ ഓടക്ക് കുറുകെയുള്ള ഇരുമ്പു പൈപ്പ് അടർന്നുപോയതിനെ തുടർന്നുണ്ടായ ഗർത്തം
മലപ്പുറം: അപകടക്കെണിയൊരുക്കി കുന്നുമ്മലിലെ നടപ്പാതകൾ. മഞ്ചേരി റോഡിൽ, കോട്ടക്കുന്നിലേക്കുള്ള വഴിയിൽ ഓടക്ക് കുറുകെയുള്ള ഇരുമ്പു പൈപ്പ് അടർന്നുപോയതിനെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. തിങ്കളാഴ്ച രാവിലെ കാൽനടയാത്രക്കാരൻ ഗർത്തത്തിൽ വീണു.
വീഴ്ചയിൽ ഇയാളുടെ കാലിന് പരിക്കുണ്ട്. മൊബൈൽ ഫോൺ താഴെവീണ് പൊട്ടി. വെൽഡ് ചെയ്ത ഭാഗം അടർന്നാണ് ഓടക്ക് മുകളിൽ ഇട്ട പൈപ്പ് വീണത്. കോട്ടക്കുന്നിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ അടക്കം പൊതുജനം സ്ഥിരമായി സഞ്ചരിക്കുന്ന വഴിയാണിത്.
പൈപ്പ് തകർന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. എന്നിട്ടും അധികാരികൾ തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടികൾ ഈ കുഴിയിൽ വീണാൽ വലിയ അപകടം ഉണ്ടാകും. ദിനേനെയെന്നോണം ഒട്ടേറെ പൊതുപരിപാടികൾ നടക്കുന്ന കുന്നുമ്മലിലെ നഗരസഭ ടൗൺഹാളിന് മുന്നിലും നടപ്പാത തകർന്നുകിടക്കുകയാണ്. നടപ്പാതയിലെ സ്ലാബിന്റെ കമ്പി അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ഇതുകാണാതെ നടക്കുന്നവരുടെ കാലുകൾ കമ്പിയിൽ തട്ടിയാൽ മുറിയുമെന്നുറപ്പാണ്.
നഗരത്തിലെ നടപ്പാതകളുടെ നവീകരണത്തിന് കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള അമൃത് പദ്ധതിയടക്കം ഉണ്ടായിരിക്കെയാണ് ജില്ല ആസ്ഥാനത്തെ പ്രധാന ഭാഗങ്ങളിൽ നടപ്പാതകൾ തകർന്നുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

