ഭക്ഷ്യധാന്യങ്ങൾ അങ്ങാടിപ്പുറത്തിനു പകരം ഒലവക്കോട്ടുനിന്ന്; സർക്കാറിന് വൻ നഷ്ടം
text_fieldsമലപ്പുറം: ജില്ലയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഒലവക്കോട് എഫ്.സി.ഐ ഡിപ്പോയിൽനിന്ന് എത്തിക്കുന്നതിനാൽ സംസ്ഥാന സർക്കാറിന് വൻ നഷ്ടം. അങ്ങാടിപ്പുറം എഫ്.സി.ഐ ഡിപ്പോയിൽനിന്ന് ലഭിക്കേണ്ട ധാന്യങ്ങളാണ് കുറച്ച് മാസങ്ങളായി ഒലവക്കോട്ടുനിന്ന് അനുവദിക്കുന്നത്. കടത്തുകൂലി ഇനത്തിൽ വൻ തുകയാണ് ഈ തീരുമാനത്തിൽ സംസ്ഥാന സർക്കാറിന് നഷ്ടമുണ്ടാകുന്നത്. സമയബന്ധിതമായി ലോഡുകൾ വിട്ടുകിട്ടാത്ത പ്രശ്നവുമുണ്ട്. പ്രശ്നം പരിഹരിക്കാൻ അങ്ങാടിപ്പുറത്തുനിന്ന് ലോഡുകൾ അനുവദിക്കണമെന്ന് നിരവധി തവണ സിവിൽ സപ്ലൈസ് വകുപ്പ് എഫ്.സി.ഐയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
ജില്ലയിലെ പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട് താലൂക്കുകളിലേക്കുള്ള ഭക്ഷ്യധാനം ഇത്രയും കാലം അങ്ങാടിപ്പുറം ഡിപ്പോയിൽ നിന്നായിരുന്നു അനുവദിച്ചത്. എന്നാൽ, ഇപ്പോൾ ഈ ലോഡുകളെല്ലാം ഒലവക്കോട് ഡിപ്പോയിലേക്കാണ് എഫ്.സി.ഐ എത്തിക്കുന്നത്.
ഇതാണ് സർക്കാറിന് നഷ്ടമുണ്ടാക്കുന്നത്. ഒരു മാസം 150ഓളം ലോഡാണ് പാലക്കാട് ഡിവിഷനൽ മാനേജർ ഇത്തരത്തിൽ ഒലവക്കോട് ഡിപ്പോയിലേക്ക് മാറ്റുന്നത്. പെരിന്തൽമണ്ണ താലൂക്കിലേക്ക് അങ്ങാടിപ്പുറത്തുനിന്ന് ധാന്യങ്ങൾ എത്തിക്കുന്നതിന് ഒരു ക്വിന്‍റലിന് വരുന്ന ചെലവ് 50.64 രൂപയാണ്.
ഇതേ സാധനം ഒലവക്കോട്ടുനിന്ന് എത്തിക്കുമ്പോൾ 90 രൂപ നൽകണം. ഏറനാട് താലൂക്കിലേക്ക് അങ്ങാടിപ്പുറത്ത് നിന്ന് 66 രൂപയാണെങ്കിൽ ഒലവക്കോട് നിന്ന് 109.70 രൂപയും നിലമ്പൂരിലേക്ക് അങ്ങാടിപ്പുറത്ത് നിന്ന് 95 രൂപയുള്ളത് ഒലവക്കോട് നിന്നാകുമ്പോൾ 126.40 രൂപയും ഓരോ ക്വിന്‍റലിനും സർക്കാർ നൽകേണ്ട അവസ്ഥയാണ്. മന്ത്രി അടക്കമുള്ളവർ വിഷയത്തി
ൽ ഇടപെട്ടെങ്കിലും എഫ്.സി.ഐ തീരുമാനം മാറ്റിയില്ല. കൂടാതെ, ഒലവക്കോട്ടുനിന്ന് വരുന്ന ചില ലോഡുകളിൽ മോശം ചാക്കുകളിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എഫ്.സി.ഐയുമായി ബന്ധപ്പെട്ട് ധാന്യം മാറ്റി നൽകണമെന്നാണ് സിവിൽ സപ്ലൈസ് ആവശ്യപ്പെടാറുള്ളത്. ഇതിനും പരിഹാരം കാണണമെന്നാവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

