മുഖംമിനുക്കിയ ഒടുങ്ങാട്ടുകുളത്തിലേക്ക് നീന്തൽപ്രേമികളുടെ കുത്തൊഴുക്ക്
text_fieldsപെരുന്നാൾ അവധിദിനത്തിൽ ഒടുങ്ങാട്ടുകുളത്തിൽ എത്തിയവർ
എടയൂർ: പായലുകൾ വളർന്നിട്ടും എടയൂർ ഗ്രാമപഞ്ചായത്തിലെ മണ്ണത്തുപറമ്പിന് സമീപത്തെ ഒടുങ്ങാട്ടുകുളത്തിലെത്തുന്ന നീന്തൽപ്രേമികളുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. ഇടവിട്ട് പെയ്യുന്ന കാലവർഷത്തിൽ വെള്ളം ഉയർന്നതോടെ കുളത്തിലേക്ക് നീന്താൻ കുട്ടികളും വലിയവരും ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. കാലവർഷം ദുർബലമായതിനെ തുടർന്ന് കുളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്.
വളാഞ്ചേരി-എടയൂർ-മലപ്പുറം റോഡിനോട് ചേർന്ന് ഒരേക്കറോളം വിസ്തൃതിയിലുള്ള കുളത്തിലേക്ക് അവധി ദിവസങ്ങളിൽ വിദൂര പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിൽ ഉൾപ്പെടെയാണ് കുളിക്കാനും നീന്താനുമായി ആളുകൾ എത്തുന്നത്. എന്നാൽ, അനുദിനം വളരുന്ന പായലുകൾ കുളത്തിലെത്തുന്നവർക്ക് ഭീഷണി സൃഷ്ടിക്കുന്നു.
കഴിഞ്ഞ വർഷം മുതലാണ് കുളത്തിൽ പായലുകൾ വളർന്നുതുടങ്ങിയത്. പായലുകളും മാലിന്യവും ചളിയും നീക്കാനും നവീകരിക്കാനുമായി ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ മേയിൽ നവീകരിച്ചിരുന്നു.
വെള്ളം വറ്റിച്ച് വൃത്തിയാക്കുകയും കുളക്കടവിലെ പടികളും ഒരുവശത്തെ നടപ്പാതയും ഇഷ്ടിക പാകി മുഖം മിനുക്കുകയും ചെയ്തു. എന്നാൽ, പായലുകൾ വീണ്ടും വളരുന്നത് തടയുന്ന രീതിയിൽ എല്ലാ ഭാഗത്തുനിന്നും ആഴത്തിൽ ചളി നീക്കിയില്ലെന്ന ആക്ഷേപം നാട്ടുകാർ ഉന്നയിക്കുന്നു. അതിനാലാണ് കുളത്തിൽ വെള്ളം നിറഞ്ഞതോടെ പായലുകൾ വളർന്നു തുടങ്ങിയതെന്ന് അവർ പറയുന്നു.
ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർ നീന്താൻ പായൽ നിറഞ്ഞ ഭാഗത്തേക്ക് ചാടി ഊളിയിടുന്നത് അപകടസാധ്യത വരുത്തും. നീന്താൻ എത്തുന്നവർ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നതും പതിവാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ തകർന്ന റോഡിനോട് ചേർന്ന പാർശ്വഭിത്തി പുനർനിർമിച്ചിട്ടില്ല. ഏകദേശം 30 മീറ്റർ നീളത്തിലാണ് കരിങ്കൽ ഭിത്തിയും അതിനോട് ചേർന്ന കോൺക്രീറ്റ് സ്ലാബുകളും കുളത്തിലേക്ക് അമർന്നത്. വലിയ തുക വേണ്ടതിനാൽ പാർശ്വഭിത്തിയുടെ പുനർനിർമാണം കഴിഞ്ഞ വേനലിൽ നടത്താൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

