പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അഞ്ചുപേർകൂടി അറസ്റ്റിൽ
text_fieldsഷമീര്‍, സുഫീർ, നജീബ് റഹ്മാൻ, അൻസാർ, നസ്രു
പെരിന്തൽമണ്ണ: പ്രവാസി വ്യവസായിയായ പാണ്ടിക്കാട് സ്വദേശി ഷമീറിനെ ആഗസ്റ്റ് 12ന് തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മുഖ്യ ആസൂത്രകനടക്കം അഞ്ചുപേരെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനല്‍കേസുകളിൽ പ്രതികളായ ചാവക്കാട് തിരുവത്ര സ്വദേശികളായ കണ്ണന്‍കേരന്‍ ഷമീര്‍ (44), കാളീടകത്ത് വീട്ടില്‍ നസ്രു (41), അകലാട് മൂന്നേനി സ്വദേശി എള്ളൂപ്പാട്ട് സുഫീര്‍ (34), ചൊവ്വന്നൂര്‍ മരത്തന്‍കോട് തൊണ്ടന്പീരി വീട്ടില്‍ അന്‍സാര്‍ (33), തിരുനെല്ലൂര്‍ പാവറട്ടി സ്വദേശി നാലകത്ത് ചേക്കര നജീബ് റഹ്മാന് (43) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, ജൂനിയര്‍ എസ്.ഐ അക്ഷയ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വിദേശത്തുനിന്ന് നാട്ടിലെത്തിയ ഷമീറിനെ പാണ്ടിക്കാട് ടൗണിലെ വീടിനടുത്തുവെച്ച് രണ്ടു കാറുകളിലെത്തിയ സംഘം ബലമായി പിടിച്ചുകയറ്റി ചാവക്കാട്ടും പിറ്റേന്ന് കൊല്ലത്തും കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. മോചനദ്രവ്യമായി ഒന്നര കോടി രൂപ ആവശ്യപ്പെടുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഷമീറിനെ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മലപ്പുറത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം കാറിന് വിലങ്ങിട്ടാണ് ഇദ്ദേഹത്തെ മോചിപ്പിച്ച് പ്രതികളെ പിടികൂടിയത്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരും സഹായിച്ചവരുമടക്കം 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായതിനാൽ അവരെ പിടികൂടുന്നതിന് പ്രത്യേക സംഘം രൂപവത്കരിച്ച് ചാവക്കാട്, തൃശൂര്‍ മേഖലകൾ കേന്ദ്രീകരിച്ചും വയനാട്, ബംഗളൂരു ഭാഗങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
അഞ്ചു പ്രതികളെ ആലത്തൂര്‍ ടൗണില്‍വെച്ച് കാര്‍ തടഞ്ഞ് സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ നജീബ് റഹ്മാനാണ് പ്രതികൾക്ക് താമസസൗകര്യവും വാഹനസൗകര്യവും നൽകിയതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരുടെ പേരിലും നടപടി സ്വീകരിക്കുമെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത് അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ മുഹമ്മദ് ഫൈസല്‍, എസ്.സി.പി.ഒ സോവിഷ്, ഡാന്‍സാഫ് സ്ക്വാഡിലെ കെ. പ്രശാന്ത്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, കെ. പ്രഭുല്‍, ദിനേഷ് കിഴക്കേക്കര എന്നിവരും പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

