മത്സ്യക്കൊയ്ത്ത് കേമം; ഇത് പെട പെടക്കണ ഓണം!
text_fieldsജയപ്രകാശിന്റെ മീൻ വളർത്തു കുളത്തിലെ ഓണം സീസൺ മത്സ്യ വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ്
കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്യുന്നു
പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം മത്സ്യം. പരിയാപുരം അധികാരത്തിൽ ജയപ്രകാശിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്തു. സൗഹൃദം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണച്ചന്തയിൽ മത്സ്യം വിപണനം ചെയ്തു.
താനൂർ നഗരസഭ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, ഫിഷറീസ് ഓഫിസർ സ്നേഹ ജോർജ്, അക്വാകൾച്ചർ പ്രമോട്ടർ ഒ.പി. സുരഭില, യു.വി. രാജഗോപാലൻ എന്നിവർ സംബന്ധിച്ചു. താനൂർ പരപ്പനങ്ങാടി മുൻസിപ്പൽ അതിർത്തിയിലായി താനൂർ നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്റെയും പിന്തുണയോടെയാണ് ജയപ്രകാശ് മത്സ്യകൃഷി തുടങ്ങിയത്. രണ്ട് സെന്റ് ഭൂമിയിൽ നിർമിച്ച കുളത്തിൽ മത്സ്യങ്ങൾക്ക് വളരാൻ പ്രേത്യക പ്ലാസ്റ്റിക് പായ വിരിച്ചിട്ടുണ്ട്.
ഒരോ ഒമ്പത് മാസം കൂടുമ്പോഴും മത്സ്യ വിളവെടുപ്പ് നടത്താനാകുമെന്നും രണ്ട് സെന്റ്ഭൂമിയിലെ കുളത്തിൽനിന്ന് തന്നെ ശരാശരി 600 കിലോ മത്സ്യം ലഭിക്കുമെന്നും കിലോക്ക് 200 നും 250 നുമിടയിൽ വളർത്തു മത്സ്യങ്ങൾക്ക് വില ലഭിക്കുന്നതായും ജയപ്രകാശ് പറഞ്ഞു.പരിമിതിക്കിടയിലും മത്സ്യം വളർത്താൻ താൽപര്യമുള്ള വീട്ടമ്മമാർ ഉൾപ്പടെയുള്ളവർക്ക് സർക്കാർ സഹായങ്ങൾ പ്രാപ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാൻ തയാറാണന്നും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ തീരദേശ മോഡൽ വില്ലേജ് പ്രൊജക്ട് ഉപാധ്യക്ഷൻ കൂടിയായ ജയപ്രകാശ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

