ആക്ഷനിടെ കാമറ കുളത്തിൽ; മുങ്ങിയെടുത്ത് ‘കടൽ പക്ഷികൾ’
text_fieldsമലപ്പുറം: മരവട്ടം കോൽക്കളം ജുമുഅത്ത് പള്ളിക്ക് സമീപം പഞ്ചായത്ത് കുളത്തിൽ വീണ വില കൂടിയ ഗോപ്രോ കാമറ മുങ്ങിയെടുത്ത് അഗ്നിരക്ഷ സേനയുടെ ‘കടൽ പക്ഷികൾ’അടങ്ങിയ സ്കൂബ ഡൈവിങ് സംഘം. സേനയുടെ വനിത വിഭാഗത്തിൽ സ്കൂബ ഡൈവിങ് പരിശീലനം നേടിയ സംഘമാണ് കടൽ പക്ഷികൾ എന്നർഥം വരുന്ന ‘ഗാനെറ്റ്സ്’സംഘം.
മലപ്പുറം കാവുങ്ങലിൽ പുത്തൻവീട്ടിൽ ഗോപിനാഥിന്റേതാണ് കുളത്തിൽ വീണ കാമറ. കഴിഞ്ഞ ദിവസം യു.കെയിൽ നിന്ന് നാട്ടിൽ എത്തിയ ഗോപിനാഥും കൂട്ടുകാരും സ്വാതന്ത്ര്യദിനത്തിൽ സാഹസിക പ്രകടനങ്ങൾ വിഡിയോയിൽ പകർത്താൻ കുളത്തിലെത്തിയതായിരുന്നു. കുളത്തിലേക്ക് ചാടുന്നത് പകർത്തുന്നതിനിടെ കാമറയും കൂടെ വീഴുകയായിരുന്നു. കൂട്ടുകാർ ചേർന്ന് ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്ന് മലപ്പുറം അഗ്നിരക്ഷ സേനയിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ഡൈവിങ് സംഘം ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ നാലു മീറ്റർ ആഴമുള്ള കുളത്തിനടിയിൽനിന്ന് കാമറ കണ്ടെത്തി ഉടമയെ ഏൽപ്പിച്ചു. ഫോർട്ട് കൊച്ചി സ്കൂബ ഡൈവിങ് അക്കാദമിയിൽ നിന്നും അഡ്വാൻസ് ഓപൺ വാട്ടർ ഡൈവിങ് പൂർത്തിയാക്കിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.സി. മുഹമ്മദ് ഫാരിസ്, വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രുതി പി.രാജു, എം. അനുശ്രീ തുടങ്ങിയവരാണ് കാമറ മുങ്ങിയെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ നിന്നും പുതുതായി അനുവദിച്ച സ്കൂബ ഡൈവിങ് ബാഡ്ജ് നേടിയവരാണ് മൂവരും. സേന അംഗങ്ങളായ നിപുൻ, കൃഷ്ണകുമാർ എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

