ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്; തീപാറും പോരാട്ടം
text_fieldsചേലേമ്പ്ര: ആറു പഞ്ചായത്തുകളുള്ള വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ചേലേമ്പ്രയിലേത്. യു.ഡി.എഫ്, എൽ.ഡി.എഫ് എന്നിവർക്ക് പുറമെ ശക്തരായി ബി.ജെ.പിയും മത്സരത്തിനുണ്ട്. ത്രികോണ മത്സരമായതുകൊണ്ടാണ് ഏവരും ശ്രദ്ധയോടെ ചേലേമ്പ്രയിലേക്ക് ഉറ്റുനോക്കുന്നത്. കോഴിക്കോട് ജില്ലയോട് ചേർന്നുനിൽക്കുന്ന പഞ്ചായത്താണ് ചേലേമ്പ്ര. ഭരണം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും സീറ്റുകൾ കൂട്ടാൻ ബി.ജെ.പിയും കടുത്ത ശ്രമത്തിലാണ്.18ന് പകരം നിലവിൽ 21 വാർഡുകൾ ഉണ്ട്. 15 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് തിരിച്ചടിയായി 2015ൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ജനകീയ മുന്നണി ഭരണം പിടിച്ചെടുത്തു.
10 വാർഡുകളിൽ നിർത്തിയ സ്ഥാനാർഥികളെ ജയിപ്പിക്കാൻ ജനകീയ മുന്നണിക്ക് കഴിഞ്ഞു. ആറു സീറ്റുകൾ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിലെ വിഭാഗീയത പ്രവർത്തനങ്ങളാണ് തിരിച്ചടി ആയത്. ബി. ജെ. പി രണ്ട് സീറ്റുകൾ നേടി. പിന്നീട് 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ കൈവിട്ടു പോയ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. 10 സീറ്റുകൾ നേടിയാണ് ഭരണം ഏറ്റെടുത്തത്. എൽ.ഡി.എഫിന്റെ സീറ്റുകൾ അഞ്ചായി കുറഞ്ഞപ്പോൾ രണ്ട് സീറ്റെന്നത് മൂന്നായി ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു.
ഇത്തവണ വാർഡ് 16ൽ 2015ലെ എൽ.ഡി.എഫ് ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി. രാജേഷും 2020 ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് ആയിരുന്ന കെ.പി. ദേവദാസുമാണ് മത്സരരംഗത്തുള്ളത്. ശക്തമായ പോരാട്ടമാണ് ഇവിടെ. സി.പി.എം പാർട്ടി ചിഹ്നത്തിൽ ഒമ്പത് പേരും എൽ.ഡി.എഫ് സ്വതന്ത്രരായി 12 പേരുമാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫിൽ ലീഗ് 12 സീറ്റിലും കോൺഗ്രസ് എട്ട് സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലുമാണ് ജനവിധി തേടുന്നത്. മുഴുവൻ സീറ്റിലും ബി.ജെ.പി മത്സര രംഗത്തുണ്ട്. ഇതിന് പുറമെ വാർഡ് 19, 20 എന്നിവിടങ്ങളിൽ സാമൂഹ്യ മുന്നണിയുടെ രണ്ട് പൊതു സ്വതന്ത്ര സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

