ചെരിപ്പ് നിര്‍മാണ ഫാക്ടറിയില്‍ അഗ്നിബാധ; മുള്‍മുനയില്‍ നാട്
text_fieldsപൂക്കോട്ടൂര്‍ അറവങ്കര മൈലാടിയിലെ ചെരിപ്പ് നിർമാണ യൂനിറ്റിലുണ്ടായ അഗ്നിബാധ അണക്കുന്ന അഗ്നിരക്ഷാ സേന
റജീഷ് കെ. സദാനന്ദന്
പൂക്കോട്ടൂര്‍: മൈലാടിയിലെ ചെരിപ്പ് നിർമാണ യൂനിറ്റില്‍ അഗ്നിബാധയുണ്ടായപ്പോള്‍ നാടിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ തരണം ചെയ്യാന്‍ അഗ്നിരക്ഷ സേന നടത്തിയത് സംയമനത്തോടെയുള്ള ഇടപെടല്‍. സംഭവ സ്ഥലത്തു നിന്ന് സന്ദേശം ലഭിച്ച വെള്ളിയാഴ്ച രാവിലെ 11.56 മുതല്‍ വിശ്രമമില്ലാത്ത സേവന ദൗത്യത്തിലായിരുന്നു സേനാംഗങ്ങള്‍. വിവിരം ലഭിച്ചയുടന്‍ മലപ്പുറത്തു നിന്ന് സേനയുടെ രണ്ട് യൂനിറ്റ് ഫയര്‍ എൻജിനുകള്‍ മിനുട്ടുകള്‍ക്കകം സ്ഥലത്തെത്തിയതുമുതല് രക്ഷ പ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരുമെത്തി.
മൈലാടിയില്‍ മിനി ഊട്ടിയിലേക്കുള്ള റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് ഫാട്കറിക്കടുത്ത് നിവരധി തൊഴിലാളികള്‍ ജോലി ചെയ്യുന്ന മറ്റൊരു സ്റ്റീല്‍ ഉത്പന്ന നിര്‍മ്മാണ ഫാക്ടറിയും ഒരു വീടുമുണ്ടായിരുന്നു. പൊതുവെ വരണ്ടു നിന്ന കാലാവസ്ഥയില്‍ വീശിയടിച്ച കാറ്റും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുമെന്ന ആശങ്കയുയര്‍ത്തി. ആദ്യമെത്തിയ ഫയര്‍ യൂനിറ്റുകള്‍ ചെരുപ്പ് യൂനിറ്റിലെ തീയണക്കാനുള്ള ശ്രമത്തിനൊപ്പം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തീ പുറത്തേക്ക് പടരുന്നത് തടയാനായിരുന്നു.
അതിവേഗം അഗ്നിക്കിരയായ സ്ഥാപനത്തിലെ തീയണക്കല്‍ അതീവ ശ്രമകരമായിരുന്നു. സാഹച്യത്തിനനുസരിച്ച് അഗ്നി രക്ഷ സേനാധികൃതര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏഴ് ഫയര്‍ യൂനിറ്റുകളും കോഴിക്കോട് ജില്ലയില്‍ നിന്ന് രണ്ട് ഫയര്‍ എൻജിനുകളും സ്ഥലത്തേക്ക് കുതിച്ചെത്തി. ഭീതിയുയര്‍ത്തി തീയും പുകയും മുകളിലേക്ക് പറന്നുര്ന്ന സ്ഥാപനത്തിലെ തീ നിയന്ത്രണ വിധേയമാക്കിയണക്കാന് സേനാംഗങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ആവശ്യമായ സഹായവുമായി പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരും സജീവമായി. സിവില്‍ ഡിഫന്‍സ്, ആപ്ദ മിത്ര, ട്രോമ കെയര്‍ വളന്റിയര്‍മാരാണ് സേനാംഗങ്ങള്‍ക്ക് സാങ്കേതിക പിന്തുണയുമായി സജീവമായത്.
മഞ്ചേരി പൊലീസുമായി ചേര്‍ന്ന് നാട്ടുകാരും അപകട ഘട്ടം തരണം ചെയ്യാന്‍ ജാഗ്രതയോടെ രംഗത്തെത്തി. സഞ്ചാരികളടക്കം നിരവധി പേര് കടന്നു പോകുന്ന റോഡില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് രക്ഷ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായകമായി. ഫയര്‍ എഞ്ചിനുകള്‍ക്ക് വേഗത്തില്‍ സംഭവ സ്ഥലത്തെത്താനും ഇതിനാല്‍ സാധിച്ചു. വന്‍ ആഗ്നിബാധയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ വെള്ളവുമായി സ്വകാര്യ വെള്ള വിതരണ സംഘങ്ങളും ഫയര്‍ എഞ്ചിനുകളിലേക്ക് ആവശ്യമായ വെള്ളവുമായെത്തി. ഓരോ തവണയും കാലിയായ എഞ്ചിന് ടാങ്കുകളില്‍ വെള്ളം നിറക്കാന്‍ മൈലാടിയിലെ പ്രവര്‍ത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ടുകളും സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

