തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് നാടൊന്നിച്ചു
text_fieldsകോട്ടക്കൽ നഗരമധ്യത്തിൽ തീപിടിത്തമുണ്ടായ സ്ഥാപനത്തിൽ കുടുങ്ങിയവരെ അഗ്നിശമനാസേന പുറത്തെത്തിക്കുന്നു
കോട്ടക്കൽ: നഗരമധ്യത്തിൽ ആദായവിൽപന നടത്തുന്ന വ്യാപാരസമുച്ചയത്തിന് തീ പിടിച്ചതോടെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനവുമായി നാട്ടുകാർ. തിരൂർ റോഡിൽ പ്രവർത്തിക്കുന്ന എം.ആർ ഏജൻസീസാണ് ശനിയാഴ്ച പുലർച്ചെ അഞ്ചോടെ അഗ്നിക്കിരയായത്. രാത്രി സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ ഒന്നിച്ചിറങ്ങി. ഇതിനിടെയാണ് സ്ഥാപനത്തിൽനിന്ന് രക്ഷപ്പെട്ട് ജീവനക്കാരൻ പുറത്തെത്തുന്നത്.
രണ്ടു പേർ കൂടി ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞതോടെ രക്ഷിക്കാൻ വഴികളന്വേഷിച്ചു. ഇരുനില കെട്ടിടത്തിനകത്തേക്ക് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ചുമട്ടുതൊഴിലാളിയായ സക്കീർ ഹുസൈൻ, പൊട്ടിപ്പാറ കരുമ്പിൽ ഹാരിസ്, ഓട്ടോ ഡ്രൈവർ ഞാറത്തടം ഖാലിദ് എന്നിവരുടെ ഇടപെടലാണ് തുണയായത്.
പുറത്തെത്തിയ അഷ്കർ സുനൈഫ് കാണിച്ചുതന്ന വഴിയിലൂടെ അകത്തുകടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. തുടർന്ന് പിക്കാസ് കൊണ്ട് ഷീറ്റ് തകർത്താണ് മൂന്നുപേരും സ്ഥാപനത്തിനുള്ളിലേക്ക് ഇറങ്ങിയത്. പിന്നാലെ സർവ സന്നാഹങ്ങളുമായി അഗ്നിശമന സേനാംഗങ്ങളും. തീർത്തും അവശനിലയിലായ ജീവനക്കാരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

