ഭീതിയുടെ മണിക്കൂറുകൾ കാട് കയറി കൊമ്പൻ
text_fieldsകാടു കയറാതെ മാതോത്ത് ഭാഗത്ത് ഒലിപ്പുഴയിൽ നിലയുറപ്പിച്ച ആന
തുവ്വൂർ: 24 മണിക്കൂറോളം കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ ഭീതിയിൽ നിർത്തിയ കാട്ടുകൊമ്പൻ ഒടുവിൽ കാട് കയറി. ദ്രുതകർമ സേനയുടെയും വനംവകുപ്പിന്റെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്താലാണ് വ്യാഴാഴ്ച രാത്രിയോടെ ആന കാടണഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് അരിമണലിൽ സംസ്ഥാന പാത കടന്നെത്തിയ ആന പുലർച്ചെ വരെ കണ്ണത്ത് മേഖലയിലെ വീടുകൾക്കിടയിലൂടെ നാശം വിതച്ച് വിറളി പൂണ്ട് ഓടി.
തുടർന്ന് അങ്ങാടി വഴി വീണ്ടും സംസ്ഥാന പാത തിരിച്ച് കടന്ന് അയ്യപ്പൻകാവ്, ചുള്ളിയോട് വഴി ഇരിങ്ങാട്ടിരി ഭാഗത്തും അവിടെ നിന്ന് അക്കരപ്പുറം വഴി ഒലിപ്പുഴ കടന്ന് മാതോത്തുമെത്തി. പുഴയുടെ ഇരുകരകളിലും വൻ ജനാവലിയെ കണ്ടതോടെ ഏറെ നേരം പുഴയിൽ തന്നെ നിലയുറപ്പിച്ചു. ഏപ്പിക്കാട് വാക്കോട്ടും ആനയെത്തി.
കരുവാരകുണ്ട് പൊലീസിന്റെയും ട്രോമാകെയറിന്റെയും സഹകരണത്തോടെ ജനങ്ങളെ ഒഴിവാക്കി ആനയെ കാട്ടിലേക്ക് നയിക്കാനായിരുന്നു ആർ.ആർ.ടിയുടെ ശ്രമം. എന്നാൽ ആന ചതുപ്പ് പ്രദേശങ്ങളിലും പുഴയിലും വീടുകൾക്കിടയിലും നിലയുറപ്പിച്ചതാണ് വെല്ലുവിളിയായത്. ആനക്ക് കടന്നുപോകേണ്ട സ്ഥലങ്ങളിലെ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകിയാണ് പിന്നീട് ഉദ്യോഗസ്ഥർ ശ്രമം തുടർന്നത്.
വിറളി പൂണ്ട കൊമ്പൻ വീടുകളിൽ നിർത്തിയിട്ട ജീപ്പ്, ഏതാനും ഇരുചക്രവാഹനങ്ങൾ എന്നിവ നശിപ്പിച്ചു. സെപ്റ്റിക് ടാങ്കുകൾ, കൃഷി എന്നിവയും നശിച്ചു. ഏതാണ്ട് 20 കിലോമീറ്ററോളം ദൂരം ജനവാസ മേഖലയിലൂടെ സഞ്ചരിച്ച ആന പക്ഷേ ആരെയും ആക്രമിച്ചില്ല. റവന്യു മന്ത്രി എ.പി. അനിൽകുമാർ, കരുവാരകുണ്ട്, തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ഉണ്ണീൻകുട്ടി, സി.ടി. ജസീന, ജില്ല പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്ലത്തീഫ് എന്നിവർ നിർദേശങ്ങൾ നൽകി കൂടെയുണ്ടായിരുന്നു.
റവന്യു മന്ത്രി എ.പി. അനിൽകുമാർ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകുന്നു
എടപ്പറ്റയെയും വിറപ്പിച്ച് കൊമ്പൻ
മേലാറ്റൂർ: രണ്ടു ദിവസങ്ങളിലായി ജനങ്ങളെ ഭീതിയിലാക്കിയ കൊമ്പനാന എടപ്പറ്റ പ്രദേശത്തെയും വിറപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ എടപ്പറ്റ ആവണിയം കുന്നിലേക്കാണ് ആന കയറിയത്. കുന്നിൻ പ്രദേശമായതിനാൽ തുരത്താൻ മാർഗങ്ങളില്ലാതെ വനംവകുപ്പ് ആർ.ആർ.ടി ടീമും ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരും പ്രതിസന്ധിയിലായി. ഒലിപ്പുഴ മുറിച്ചുകടന്നാണ് ചിറയക്കോട് വഴി എടപ്പറ്റ പഞ്ചായത്തിലേക്ക് കൊമ്പൻ എത്തിയത്.
ഏപ്പിക്കാട്, പുല്ലാനിക്കാട്, കല്ലാംപാറ ആലുംകുന്നിലൂടെ നീങ്ങിയാണ് ആവണിയംകുന്നിലേക്ക് കയറിയത്. ആനയെ എടപ്പറ്റ പഞ്ചായത്തിലെ മൂനാടി വഴി പറയൻ മാട് വനത്തിലേക്ക് കയറ്റിവിടാൻ ആർ.ആർ.ടി ടീം ഏറെ ശ്രമിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ മുഹമ്മദ് ബാബു അറിയിച്ചിരുന്നു. മേലാറ്റൂർ പഞ്ചായത്തിലെ പുല്ലിക്കുത്ത്, വലിയപറമ്പ്, കിഴക്കുംപാടം പ്രദേശങ്ങളിലും രാത്രി ആനയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

