ഭൂഗർഭ പൈപ്പുകളിലെ തകരാർ; ചേലേമ്പ്രയിൽ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ
text_fieldsചേലേമ്പ്ര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഭൂഗർഭ പൈപ്പുകളിലെ തകരാർ കാരണം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ നാലായിരത്തോളം കുടുംബങ്ങൾക്കുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം അകലെ. റോഡ് നിർമാണം കാരണം ചാലിയാറിൽ പമ്പിങ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
ചാലിയാർ കവണക്കല്ലിൽനിന്ന് ഭൂഗർഭ പൈപ്പ് വഴി കാക്കഞ്ചേരി കിൻഫ്രയിൽ സ്ഥാപിച്ച ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ചാണ് ചേലേമ്പ്രയിലെ ശുദ്ധജല വിതരണം. റോഡ് പ്രവൃത്തി തീരുംവരെ പ്രതിസന്ധി തുടരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ ദുരിതത്തിലായത് ജലനിധി കുടിവെള്ള വിതരണത്തെ ആശ്രയിച്ച് കഴിയുന്ന ഗുണഭോക്താക്കളാണ്. ജലനിധി പദ്ധതിയുണ്ടായിട്ടും ഈ വർഷം കടുത്ത വേനലിൽ കൂടുതൽ വാഹനങ്ങളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യേണ്ടി വരുമോയെന്ന ആശങ്കയിലാണ് പഞ്ചായത്ത് അധികൃതർ.
അതേസമയം, ചേലേമ്പ്രയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്പെഷൽ ഫണ്ട് അനുവദിക്കണമെന്നും റോഡ് പണി തീരുന്നതുവരെ ബദൽ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചതായി പ്രസിഡന്റ് എ.പി. ജമീല, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് എന്നിവർ പറഞ്ഞു. മന്ത്രിമാരെ നേരിൽ കണ്ട് നിജസ്ഥിതി ബോധ്യപ്പെടുത്തി.
വെള്ളം കിട്ടാത്തത് കാരണം ജനങ്ങളുടെ പ്രതിഷേധം ഭയന്ന് വെള്ളക്കരം പിരിക്കലും ജലനിധി അധികൃതർ നിർത്തിവെച്ചു. നേരത്തേ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു വെള്ളം എത്തിയിരുന്നത്. പഞ്ചായത്തിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വെള്ള വിതരണം പൂർണമായി മുടങ്ങിയതോടെ പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന ചിന്തയിലാണ് ഗ്രാമപഞ്ചായത്ത്.
ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വേനലിൽ മാത്രമാണ് വെള്ളം എത്തിച്ച് കൊടുക്കാൻ നിലവിൽ ഗ്രാമപഞ്ചായത്തിനോട് നിയമം അനുശാസിക്കുന്നത്. മറ്റ് മാസങ്ങളിൽ ശുദ്ധജല വിതരണത്തിന് തനത് ഫണ്ട് ചെലവിടാൻ സർക്കാറിന്റെ അനുമതി ആവശ്യമാണ്.ചാലിയാർ കവണക്കല്ലിൽ നിന്നുള്ള പ്രധാന പൈപ്പുകൾ റോഡ് നിർമാണ പ്രവൃത്തിയിൽ നിരവധി സ്ഥലങ്ങളിൽ പൊട്ടിയതാണ് പ്രശ്നം. ദേശീയപാത നിർമാണം തുടങ്ങിയത് മുതൽ പൈപ്പ് പൊട്ടൽ കാരണം ഭാഗികമായി തടസ്സപ്പെട്ട ജലവിതരണം മാസങ്ങളായി പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
കിൻഫ്രയിലെ ആവശ്യങ്ങൾക്കും ചാലിയാറിൽനിന്നുള്ള വെള്ളമാണ് ആശ്രയിച്ചിരുന്നത്. കിൻഫ്രയിലെ ആവശ്യങ്ങൾക്ക് ഇപ്പോൾ പ്രദേശത്തെ കുളത്തിൽ നിന്നാണ് വെള്ളം എടുക്കുന്നത്. കിൻഫ്രയിലെ ആവശ്യത്തിന് ഈ വെള്ളം തികയാത്ത സ്ഥിതിയാണ്. ഭക്ഷ്യ, ഐ.ടി പാർക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. പ്രധാന പൈപ്പ് ലൈൻ മാറ്റി ഇടുന്നത് പൂർത്തിയായാൽ വെള്ള വിതരണം പൂർവസ്ഥിതിയിലാക്കാനാവുമെന്നാണ് നിർമാണ കമ്പനി അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

