കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് യാത്രയയപ്പ്
text_fieldsമലപ്പുറം നഗരസഭ പരിധിയില്‍നിന്ന് കേന്ദ്ര സര്‍വകലാശാല പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടി
എം.എൽ.എ കുട്ടികളോടൊപ്പം
മലപ്പുറം: നഗരസഭയുടെ മിഷൻ തൗസന്റ് പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്വീകരണവും യാത്രയയപ്പും നൽകി. ജില്ല വ്യാപാര ഭവനിൽ നടന്ന പരിപാടി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം നേടിയ 64 വിദ്യാർഥികളും എയിംസ്, ഐ.ഐ.ടി, എൻ.ഐ.ടി ഉൾപ്പെടെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ച 21 വിദ്യാർഥികളുമാണ് ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കാമ്പസുകളിലേക്ക് പുറപ്പെടുന്നത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽനിന്ന് മാത്രം 64 വിദ്യാർഥികള്‍ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ പാസായി പ്രവേശനം നേടുക എന്നത് അപൂര്‍വ നേട്ടമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പ്രവേശനം നേടി മലപ്പുറം നഗരസഭയെ ടോപ്പോഴ്സ് ഹബാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
പി. ഉബൈദുല്ല എം.എൽ.എ, ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, അസി. കലക്ടർ കെ. മീര, ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. അബ്ദുൽ ഹക്കീം, പി.കെ. സക്കീർ ഹുസൈൻ, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സി.പി. ആയിശാബി, കൗൺസിലർ സി. സുരേഷ്, പദ്ധതി കോ ഓഡിനേറ്റർ എം. ജൗഹർ എന്നിവർ സംസാരിച്ചു.