എക്സൈസിന്റെ ഓണം സ്പെഷൽ പരിശോധന; 95 ലിറ്റർ ചാരായം പിടിച്ചു
text_fieldsകക്കാടംപൊയിലിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്ത ചാരായം
നിലമ്പൂർ: ഓണം സ്പെഷൽ ഡ്രൈവിൽ നിലമ്പൂർ റേഞ്ച് എക്സൈസ് സംഘം വിൽപനക്കായി തയാറാക്കി വെച്ച 95 ലിറ്റർ ചാരായം പിടികൂടി. കക്കാടംപൊയിലിലെ വനാതിർത്തിയിൽ നിന്നാണ് വാറ്റുചാരായം പിടികൂടിയത്. 35 ലിറ്ററിന്റെ മൂന്ന് കന്നാസുകളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അസി.എക്സൈസ് ഇൻസ്പെക്ടർ റെജി തോമസ്, പ്രിവന്റീവ് ഓഫീസർമാരായ വി.സുഭാഷ്, സി.അബ്ദുൽ റഷീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.രാജേഷ്, എബിൻ സണ്ണി, വനിത സിവിൽ എക്സൈസ് ഓഫീസർ ഇ.ഷീന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഓണനാളുകളിലെ ചാരായ വാറ്റ് തടയാൻ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ നിലമ്പൂർ താലൂക്കിൽ പരിശോധന കടുപ്പിച്ചിട്ടുണ്ട്. ലിറ്റർ കണക്കിന് കോടയും ചാരായവുമാണ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളത്. വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും പരിശോധന. കാളികാവ് എക്സൈസ് പാർട്ടി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വനമേഖലയിൽ നിന്ന് 1780 ലിറ്റർ കോട കണ്ടെത്തി കേസെടുത്തിരുന്നു. കൂടാതെ വീടിനുള്ളിലെ ഭൂഗർഭ അറയ്ക്കുള്ളിൽ ഒളിപ്പിച്ച ചാരായവും വാഷും കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു.
സെപ്റ്റംബർ 10 വരെ പരിശോധന തുടരും. ജില്ലയിലേക്കുള്ള ലഹരി കടത്ത് ഇല്ലാതാക്കാൻ രണ്ട് വാഹനങ്ങളിലായി ഹൈവേ പട്രോളിങ് യൂനിറ്റും സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റും രാത്രിയും പകലും പരിശോധന നടത്തിവരുന്നുണ്ട്.
പരിശോധന ആരംഭിച്ച ആഗസ്റ്റ് അഞ്ചു മുതൽ താലൂക്കിൽ 186 പരിശോധനകൾ നടത്തി. 20 അബ്കാരി കേസുകളും മയക്കുമരുന്ന് നിയമപ്രകാരം 16 കേസുകളും രജിസറ്റർ ചെയ്യുകയും 31പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. വിവിധ വകുപ്പുകളുമായി ചേർന്ന് 14 സംയുക്ത പരിശോധനകൾ നടത്തി104 കേസുകളും 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

