തുണച്ചത് പരിശീലനവും കഠിനപ്രയത്നവും; നേട്ടത്തിന്റെ കൊടുമുടിയിൽ സുഹ്റ
text_fieldsമലപ്പുറം: മഞ്ചേരി സ്വദേശി സുഹ്റ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് തുടർച്ചയായ പരിശീലനവും കഠിന പ്രയത്നവും വഴി. എവറസ്റ്റിന്റെ നെറുകെയിലെത്തുന്ന മൂന്നാമത്തെ മലയാളി വനിതയെന്ന അഭിമാനനേട്ടമാണ് സുഹ്റ ചെരുക്കപ്പള്ളി കൈവരിച്ചത്. പരിശീലനത്തിലൂടെയും പർവതാരോഹണത്തിലെ അനുഭവങ്ങളിലൂടെയും സ്വായത്തമാക്കിയ ആത്മവിശ്വാസമാണ് ഇതിന് പ്രാപ്തമാക്കിയതെന്ന് നാൽപതുകാരിയായ സുഹ്റ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇവർ. മറ്റ് വൻകരകളിലെ ഉയർന്ന പർവതങ്ങളും കൊടുമുടികളും കീഴടക്കുകയാണ് അടുത്ത ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ ആകെ 43 ദിവസമാണ് എടുത്തത്. ഏപ്രിൽ 10നാണ് നേപ്പാൾ വഴി കൊടുമുടിയിലേക്കുള്ള യാത്ര തുടങ്ങിയത്. എട്ട് ദിവസത്തെ ട്രക്കിങ്ങിനുശേഷം ഏപ്രിൽ 18ന് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലെത്തി. ഇവിടെ ഒരുമാസത്തിലധികം വരുന്ന പരിശീലനത്തിനും ശാരീരികവും മാനസികവുമായ മുന്നൊരുക്കത്തിനുംശേഷമാണ് ശേഷിക്കുന്ന നാല് ക്യാമ്പുകളിലേക്ക് കയറിതുടങ്ങിയത്. മേയ് 20ന് ഉച്ചക്ക് 12.51ന് എവറസ്റ്റിന്റെ പരകോടിയിലെത്തി. മേയ് 23നാണ് തിരിച്ച് ബംഗളൂരുവിലെത്തിയത്.
പർവതാരോഹണം തുടങ്ങിയിട്ട് ഒമ്പത് വർഷമായി. സ്കൂൾ, കോളജ് പഠനകാലത്ത് സ്പോർട്സിൽ മികവ് തെളിയിച്ചിരുന്നു. 2017ലാണ് ട്രക്കിങ് പാഷനായി തുടങ്ങിയത്. ഭർത്താവിന്റെ നാടായ വയനാട്ടിലെ മലകൾ കയറിയായിരുന്നു തുടക്കം. പിന്നീട് പർവതാരോഹണം പാഷനായി. 2021ൽ എവറസ്റ്റിലെ ബേസ് ക്യാമ്പിൽ എത്തിയിരുന്നു. കൊടുമുടി കീഴടക്കണമെന്ന് തീരുമാനിച്ചാണ് അന്ന് തിരിച്ചിറങ്ങിയത്. ഇത്തവണ 274 പേർ എവറസ്റ്റ് കീഴടക്കി. രണ്ടുപേർ പർവതാരോഹണത്തിനിടെ മരിച്ചു. ഒരാളുടെ മൃതദേഹം മഞ്ഞിൽ ഉപേക്ഷിക്കേണ്ടിവന്നു. 14 പേരാണ് തന്റെ ഗ്രൂപ്പിലുണ്ടായിരുന്നത്.
എവറസ്റ്റ് കീഴടക്കുന്നത് വളരെ ചെലവേറിയതും സാഹസം നിറഞ്ഞതുമാണെന്ന് സുഹ്റ പറയുന്നു. നേപ്പാൾ സർക്കാറിൽനിന്നുള്ള പെർമിറ്റിനുമാത്രം 14 ലക്ഷം രൂപ ചെലവുവരും. കാറ്റ് പലപ്പോഴും പാത ദുർഘടമാക്കും. വഴിമുടക്കിയ വലിയ മഞ്ഞുകട്ടയുടെ മുകളിലൂടെ സാഹസപ്പെട്ടാണ് കയറ്റം തുടർന്നത്. മൂന്നാമത്തെ ക്യാമ്പിന്റെ പകുതി ദൂരംമുതൽ ഓക്സിജൻ സംവിധാനം ഉപയോഗിച്ചു.
മൈനസ് 40 മുതൽ 45 ഡിഗ്രി വരെ തണുപ്പുണ്ട് മുകളിൽ. 20 മിനിറ്റോളം എവറസ്റ്റിന്റെ നെറുകയിൽ ചെലവഴിച്ചത് അപൂർവാനുഭവമായിരുന്നു. അഭിനന്ദനമറിയിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. യുവാക്കൾക്കും വനിതകൾക്കും പർവതാരോഹണത്തിൽ താൽപര്യംവളർത്താനുള്ള ബോധവത്കരണവും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സുഹ്റ പറഞ്ഞു. ‘ബോഷി’ൽ എൻജിനീയറായ ഭർത്താവ് സിറാജിനൊപ്പം ബംഗളൂരുവിൽ എച്ച്.ആർ കൺസൽട്ടന്റാണ് സുഹ്റ. എമിർ, എഹബ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

