കുഴി, ചളിക്കുളം; ദുരിതയാത്ര
text_fieldsചളിക്കുളമായ എടയൂർ നോർത്ത് പള്ളിപ്പടി -വെങ്ങാട് പള്ളിപ്പടി റോഡ്
എടയൂർ: എടയൂർ നോർത്ത് പള്ളിപ്പടി -വെങ്ങാട് പള്ളിപ്പടി റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യം. ടാറും മെറ്റലും ഇളകിയും കുഴികൾ രൂപപ്പെട്ടും റോഡ് തീർത്തും തകർന്ന അവസ്ഥയിലാണ്. കുടിവെള്ള പദ്ധതികൾക്കായി ഇരുവശത്തും പൈപ്പ് ലൈൻ സ്ഥാപിച്ചതും റോഡിന്റെ തകർച്ചക്ക് വേഗം കൂട്ടി. മഴ ആരംഭിച്ചതോടെ റോഡിന്റെ പല ഭാഗത്തും ചളിക്കുളമായി. കാൽനട യാത്ര പോലും ദുഷ്കരമാണ്. ഈ റോഡിന് സമീപത്താണ് എണ്ണൂറിനടത്ത് കുട്ടികൾ പഠിക്കുന്ന എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ. ഈ സ്കൂളിലേക്കുള്ള കുഞ്ഞുകുട്ടികൾ ചളി നിറഞ്ഞ റോഡിൽ കൂടിയാണ് നടന്നുപോകുന്നത്. എടയൂർ-മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്നതാണ് റോഡ്.
വളാഞ്ചേരി-മലപ്പുറം റോഡിനെയും വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. എടയൂർ ഭാഗത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോകാൻ നിരവധി പേർ ഈ റോഡിനെ ആശ്രയിക്കാറുണ്ട്. മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പടപറമ്പ് ഭാഗത്ത് നിർമിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ ഈ റോഡിന്റെ ഒരു വശത്തുകൂടിയാണ് സ്ഥാപിച്ചത്. എടയൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന റോഡിന്റെ ഒരു വശത്തുകൂടി എടയൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
എടയൂർ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ച ഗ്രാമീണ റോഡുകൾ നവീകരിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി തൂതപ്പുഴയിൽ നിന്നുമുള്ള വെള്ളം വലിയ പൈപ്പ് ലൈൻ വഴി എടയൂർ ഗ്രാമ പഞ്ചായത്തിലൂടെ കുറുവ ഗ്രാമ പഞ്ചായത്തിലെ പടപ്പറമ്പ് പ്രദേശത്ത് ജലസംഭരണിയിലേക്കാണ് എത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി എടയൂർ നോർത്ത് സ്കൂളിന് സമീപത്ത് കൂടി കടന്നുപോകുന്ന റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ കഴിഞ്ഞ വേനലിൽ തന്നെ പൂർത്തിയായിരുന്നു. പൈപ്പിടാനായി കീറിയ ഭാഗങ്ങൾ ടാറിങ് നടത്തി പുനരുദ്ധാരണം നടത്തണം എന്ന കരാറിന്റെഅടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രദേശത്തുകൂടി പൈപ്പിടാൻ അനുമതി നൽകിയതെന്ന് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം പറഞ്ഞു. റോഡ് റീ ടാറിങ് നടത്തി ഗതാഗതം സുഗമമാക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

