അതിദാരിദ്ര്യ നിര്മാര്ജനം; മലപ്പുറം ജില്ലയിൽ വിവിധ രേഖകൾ കിട്ടാനുള്ളത് 554 പേർക്ക്
text_fieldsമലപ്പുറം: ജില്ലയിൽ അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഇനിയും വിവിധ രേഖകൾ കിട്ടാനുള്ളത് 554 പേർക്ക്. റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ കാർഡ് (വോട്ടർ ഐഡി), ആരോഗ്യ ഇൻഷൂറൻസ്, സുരക്ഷ പെൻഷൻ, ബാങ്ക് അക്കൗണ്ട്, തൊഴിൽ കാർഡ്, കുടുംബശ്രീ അയൽകൂട്ട അംഗത്വം, ഭിന്നശേഷി ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, വീട് വയറിങ്, വസ്തു സർട്ടിഫിക്കറ്റ് എന്നീ ഇനത്തിലാണ് ഇത്രയുംപേർക്ക് രേഖകൾ കിട്ടാനുള്ളത്. 1,609 പേർക്കാണ് ഇതുവരെ ലഭിച്ചത്.
ലഭിക്കാനുള്ളതിൽ ഇൻഷൂറൻസാണ് പട്ടികയിൽ മുന്നിലുള്ളത്. ആകെ 523 പേരിൽ 323 പേർക്കാണ് ഇനിയും കാർഡ് കിട്ടാനുള്ളത്. ഇൻഷൂറൻസിൽ പുതിയത് ചേർക്കാൻ അവസരമില്ലാത്തതാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്. പട്ടികയിൽ രണ്ടാമതുള്ള ഗ്യാസ് കണക്ഷനിൽ 34 പേർക്ക് കിട്ടാനുണ്ട്. ഇതിൽ 12 പേർ കണക്ഷന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. രണ്ടുപേർ വീട് മാറി പോകുകയും 20 പേർ കൂട്ട് കുടുംബമായി താമസിക്കുകയുമാണ്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ലഭിക്കാത്തവരാണ് മൂന്നാം സ്ഥാനത്തുള്ളത്.
32 പേർക്കാണ് തിരിച്ചറിയൽ കാർഡില്ലാത്തത്. ഇതിൽ അഞ്ചുപേർ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. 10 പേരെ കണ്ടെത്താനായിട്ടില്ല. 12 പേരുടേത് പുതുക്കൽ പൂർത്തിയായിട്ടില്ല. രണ്ടെണ്ണത്തിൽ തെറ്റ് തിരുത്താനും ഒരാളുടേത് തിരസ്കരിക്കുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി ആധാർ കാർഡില്ലാത്തവരാണ് പട്ടികയിൽ നാലാമത്. 27 പേർക്കാണ് ആധാർ കാർഡ് ലഭ്യമാക്കാനുള്ളത്. ഇതിൽ എട്ടുപേർ മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്. എട്ടുപേരെ കണ്ടെത്താനായിട്ടില്ല. നാല് പേർ വീട് മാറി പോകുകയും രണ്ട് പേർ കിടപ്പിലായവരും അഞ്ച് പേരുടെത് കാർഡ് നൽകാനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്. 25 പേർക്കാണ് റേഷൻ കാർഡ് ലഭിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

