ഓപണായി പറയട്ടെ... ഇതെന്ത് ‘ഓപൺ ജിം’ ?
text_fieldsകോട്ടക്കുന്ന് ഓപൺ ജിമ്മിൽ ഉപയോഗിക്കാതെ കിടക്കുന്ന വ്യായാമത്തിനുള്ള ഉപകരണം
മലപ്പുറം: രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത് പുതുമോടി മാറും മുമ്പേ കായിക വകുപ്പിന്റെ കീഴിൽ നിർമിച്ച മലപ്പുറം കോട്ടക്കുന്ന് ഓപൺ ജിമ്മിലെ ഉപകരണങ്ങൾ നശിച്ചു തുടങ്ങി. ദിനേന നൂറുകണക്കിന് പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഓപൺ ജിമ്മിലെ രണ്ട് വ്യായാമ ഉപകരണങ്ങളാണ് നിലവിൽ കേടായത്. ചില ഉപകരണങ്ങളിൽനിന്ന് അസാധാരണ ശബദ്വും വന്നു തുടങ്ങിയതായി ആക്ഷേപമുണ്ട്.
കഴിഞ്ഞ നവംബർ ഒമ്പതിനാണ് കോട്ടക്കുന്ന് ടൂറിസം പാർക്കിൽ സ്ഥാപിച്ച ഓപൺ ജിം കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തത്. എം.എൽ.എയെയും നഗരസഭ കൗൺസിലർമാരെയും സ്പോർട്സ് കൗൺസിൽ പ്രതിനിധികളെയുമെല്ലാം പങ്കെടുപ്പിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. എന്നാൽ, സ്ഥാപിച്ച ഉപകരണങ്ങൾ പെട്ടെന്ന് തന്നെ കേടുവന്നിരിക്കുകയാണ്. സിവിൽ സ്റ്റേഷനിലടക്കം വർഷങ്ങൾക്ക് മുമ്പേ സ്ഥാപിച്ച ഓപൺ ജിമ്മിലെ ഉപകരണങ്ങൾ ഇപ്പോഴും മികച്ച രീതിയിൽ ഉപയോഗിക്കാവുന്ന നിലവാരത്തിലുള്ളപ്പോഴാണ് പുതുതായി കോട്ടക്കുന്നിൽ സ്ഥാപിച്ചവ പുതുമോടി മാറും മുമ്പേ കേടായത്.
കായികവകുപ്പ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 12.33 ലക്ഷം രൂപ ചെലവിലാണ് ജിം നിർമിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനായിരുന്നു നിർമാണ ചുമതല. ഇൻറർലോക്ക്, നെയിംബോർഡ് എന്നിവക്ക് 6.37 ലക്ഷവും ഉപകരണം സ്ഥാപിക്കാൻ 5.95 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.
പതിനായിരത്തോളം ചതുരശ്ര അടിയിൽ ഇന്റർലോക്ക് വിരിച്ചാണ് ഓപൺ ജിം ഒരുക്കിയിട്ടുള്ളത്. എയർ വാക്കർ, ചെസ്റ്റ് പ്രസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോർഡ്, സ്കൈ വാക്കർ, സർഫ് ബോർഡ്, ക്രോസ് ട്രെയ്നർ, ബാക്ക് എക്സ്റ്റൻഷൻ, പുഷ് അപ് ബാർ, ആം പാഡിൽ ബൈക്ക്, ഹോഴ്സ് റൈഡർ, സിംഗിൾ ബാർ എന്നിങ്ങനെ 15 ഉപകരണങ്ങളാണ് ജിമ്മുകളിൽ സ്ഥാപിച്ചിട്ടുള്ളത്. ദിവസേന നൂറുകണക്കിനാളുകളാണ് കോട്ടക്കുന്നിൽ വ്യായമത്തിനെത്തുന്നതെന്നും പുതുതായി സ്ഥാപിക്കുന്ന ഇത്തരം മെഷീനുകൾ ഇത്രയും പെട്ടെന്ന് കേടാവുന്നത് ആശ്ചര്യകരമാണെന്നും കായിക വകുപ്പ് ഉടനെ ഉപകരണങ്ങൾ നന്നാക്കാൻ ഇടപെടണമെന്നുമാണ് പതിവായി വ്യായാമത്തിനെത്തുന്നവരുടെ ആവശ്യം.
ജിം ഉപകരണങ്ങൾ കേടായ വിവരം സ്പോർട്സ് കൗൺസിലിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വിവരം സ്പോർട്സ് കേരള ഫൗണ്ടേഷനെ അറിയിച്ചിട്ടുണ്ടെന്നും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ഹൃഷികേഷ് കുമാര് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

