പകർച്ചവ്യാധി പ്രതിരോധം; ഭക്ഷണശാലകളിലും പൊതുയിടങ്ങളിലും കർശന പരിശോധന
text_fieldsമലപ്പുറം: പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ജില്ലയിൽ നടപടികൾ ശക്തമാക്കാൻ കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രത സമിതി യോഗം തീരുമാനിച്ചു. ഭക്ഷണശാലകളിലും പൊതുയിടങ്ങളിലും പരിശോധന കർശനമാക്കും. ലൈസൻസില്ലാതെ ഭക്ഷ്യവസ്തുകൾ വിൽപന നടത്തുന്നത് തടയാനും മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും ജീവനക്കാരുടെ ശുചിത്വം സംബന്ധിച്ചും പ്രത്യേകം പരിശോധിക്കും. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
മാനദണ്ഡം പാലിക്കാതെ കുടിവെള്ളം വിതരണം ചെയ്യുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ നീല നിറം ഉള്ളവയാകണം. വെള്ളത്തിന്റെ ഉറവിടം വ്യക്തമാക്കുകയും പരിശോധന നടത്തുകയും വേണം. ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മലിനജലത്തിൽ മുഖം കഴുകുന്നതും കുളിക്കുന്നതും അമീബിക് മെനിഞ്ചൈറ്റിസ് പോലുള്ള മാരക രോഗം വരാൻ ഇടയാക്കാമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജന്തുജന്യ രോഗങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കാനും തീരുമാനമായി. ഡി.എം.ഒ ഡോ. ആർ. രേണുക, എൽ.എസ്.ജി.ഡി. അസി. ഡയറക്ടർ ഷാഹുൽ ഹമീദ്, അസി. പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി. റജിന വാസുദേവൻ, ജില്ല ലേബർ ഓഫിസർ എൻ.വി. സൈജീഷ്, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ഹോമിയോപതി ഡി.എം.ഒ ഡോ. ഹന്നത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

