എൻഫോഴ്സ്മെന്റ് മിന്നൽ പരിശോധന; പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
text_fieldsചങ്ങരംകുളം: പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതികൾ ഉയർന്നതോടെ ചങ്ങരംകുളം ടൗണിൽ ജില്ല എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. ആലങ്കോട് പഞ്ചായത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ പഞ്ചായത്തും ജില്ല എൻഫോഴ്സ്മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പിറക് വശത്തായി പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതായി കണ്ടെത്തി. പിഴ ചുമത്തി. മറ്റൊരു സ്ഥാപനത്തിനും ഓഡിറ്റോറിയത്തിനും 10,000 രൂപ വീതവും പിഴ ചുമത്തി. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് സൂപ്രണ്ട് പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ആലങ്കോട് പഞ്ചായത്ത് ഉദ്യോഗസ്ഥരായ സരുൺ, അഷിജ, പൊലീസ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

