താലൂക്ക് ആശുപത്രിയിലെ അടിയന്തിര പ്രവൃത്തി
text_fieldsമലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ഓപറേഷൻ തീയേറ്ററിനുള്ള എൽ.എസ്.ജി.ഡി ഇലക്ട്രിക് എഞ്ചിനീയറിങ് വിഭാഗത്തിന്റെ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. എസ്റ്റിമേറ്റ് ലഭിക്കാത്തത് കാരണം തീയേറ്ററിലെ തകരാറിലായ വയറിങും അനുബന്ധ ഉപകരണങ്ങളും മാറ്റുന്ന പ്രവൃത്തി അനിശ്ചിതത്വത്തിലായതോടൊണ് സമയബന്ധിതമായി ഇടപെടാൻ യോഗം തീരുമാനിച്ചത്.
എസ്റ്റിമേറ്റ് എൽ.എസ്.ജി.ഡി ഇലക്ട്രിക് എൻജിനീയറിങ് വിഭാഗം നഗരസഭക്ക് കൈമാറിയാൽ പ്രവൃത്തി തുടങ്ങും. നേരത്തെ ഏപ്രിൽ ഒമ്പതിനകം പ്രവൃത്തി തുടങ്ങാനാണ് നഗരസഭ തീരുമാനമെടുത്തിരുന്നത്. ഇതിനായി എൽ.എസ്.ജി.ഡി ഇലക്ട്രിക് എൻജിനീയറിങ് വിഭാഗവുമായും കരാറുകാരനുമായി ധാരണയിലെത്തി. എന്നാൽ പിന്നീട് പി.ഡബ്ല്യൂ.ഡി നിരക്കിലെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി പദ്ധതി പ്രവർത്തനത്തിനുള്ള എസ്റ്റിമേറ്റ് ദീർഘിപ്പിച്ചതോടെ പ്രവൃത്തി മുടങ്ങി.
നേരത്തെ ആറ് ലക്ഷം രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ആശുപത്രിയിലെ ശസ്ത്രക്രിയ കേന്ദ്രത്തിലെ തീപിടിത്തെ തുടർന്നാണ് മാർച്ച് 21ന് എൽ.എസ്.ജി.ഡി ഇലക്ട്രിക് വിഭാഗം പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. പരിശോധനയിൽ വയറിങ് പകുതിയിലധികവും ഉപയോഗ ശൂന്യമായിട്ടുണ്ടെന്നും പഴയ വയറിങ് പൂർണമായി മാറ്റി സ്ഥാപിച്ചാൽ മാത്രമേ ഓപറേഷൻ തീയേറ്ററും അനുബന്ധ പ്രവർത്തനങ്ങളും പുനാരംഭിക്കാനാകുവെന്നും സംഘം വിലയിരുത്തി.
മാർച്ച് 19ന് ചേർന്ന കൗൺസിൽ യോഗ തീരുമാനത്തെ തുടർന്നാണ് വയറിങ് പുനസ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കാൻ നിശ്ചയിച്ചത്. എന്നാൽ നടപടികൾ എങ്ങുമെത്താതെ കിടക്കുകയായിരുന്നു.
തീപിടിത്തത്തെ തുടർന്ന് ആശുപത്രിയിൽ ശസ്ത്രക്രിയ നിർത്തിവെച്ചിരുന്നു. നിലവിൽ ആശുപത്രിയിലെ നേത്രരോഗം വിഭാഗത്തിന്റെ ഓപറേഷൻ തീയേറ്റർ ഉപയോഗിച്ച് ശസ്ത്രക്രിയ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻമാരായ പി.കെ. അബ്ദുൽ ഹക്കീം, പി.കെ. സെക്കീർ ഹുസൈൻ, പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

