വൈദ്യുതി ബിൽ കുടിശ്ശിക അടച്ചില്ല; മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസ് ഇരുട്ടിൽ തന്നെ
text_fieldsവൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനാൽ ഇരുട്ടിലായ
മലപ്പുറം ഡി.ഇ ഓഫിസ്
എസ്.സി ഓഫിസിലും
ആർ.ഡി.ഡി ഓഫിസിലും
പുനഃസ്ഥാപിച്ചു
മലപ്പുറം: വൈദ്യുതി ബിൽ കുടിശ്ശികയായതോടെ ഫ്യൂസ് ഊരിയ കലക്ടറേറ്റിലെ ബി 2 ബ്ലോക്കിലെ ജില്ല വിദ്യാഭ്യാസ ഓഫിസിൽ (ഡി.ഇ.ഒ) വൈദ്യുതി പുനഃസ്ഥാപിച്ചില്ല. ശനിയാഴ്ചയാണ് ജില്ല വിദ്യാഭ്യാസ ഓഫിസ് (ഡി.ഇ.ഒ), എസ്.സി ഓഫിസ്, ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡയറക്ടറേറ്റ് ഓഫിസ് (ആർ.ഡി.ഡി) എന്നിവിടങ്ങളിലെ ഫ്യൂസ് അധികൃതർ ഊരിപ്പോയത്. ഇതിൽ എസ്.സി ഓഫിസിലും ആർ.ഡി.ഡി ഓഫിസിലും തിങ്കളാഴ്ച രാവിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ഡി.ഇ ഓഫിസിൽ രണ്ട് കണക്ഷനുകളിലായി 16,464 രൂപയാണ് കുടിശ്ശികയുള്ളത്. നാലുമാസത്തെ തുകയാണിത്. ഒരു കണക്ഷനിൽ 13,747 രൂപയും രണ്ടാമത്തേതിൽ 2717 രൂപയുമാണ് അടക്കേണ്ടത്. തുക അടക്കണമെന്ന് നേരത്തേതന്നെ കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. കുടിശ്ശികയായ ബിൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് ഡി.ഇ ഓഫിസിൽനിന്ന് കത്തയച്ചെങ്കിലും തുക അനുവദിച്ചില്ല. ഇവിടെ ജീവനക്കാർ ഹാജറായിരുന്നുവെങ്കിലും വൈദ്യുതി ഇല്ലാത്തത് ഓഫിസ് പ്രവർത്തനത്തെ ബാധിച്ചു. കമ്പ്യൂട്ടർവത്കൃതവും ഓൺലൈൻ സംവിധാനവുമായതിനാൽ വൈദ്യുതിയില്ലാതെ ഓഫിസ് പൂർണമായി പ്രവർത്തിക്കാനാകില്ല. അടിയന്തര ഫയലുകൾ അയക്കുന്നതിന് മാത്രം യു.പി.എസ് ഉപയോഗിച്ചു. മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തീകരിക്കാനുണ്ട്. വൈദ്യുതി കണക്ഷനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുല്ല എം.എൽ.എ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും കത്ത് നൽകി.