തദ്ദേശം കളമൊരുങ്ങി; ഇനി ‘പാട്ടുംപാടി’ ജയിക്കാം...
text_fieldsഎടവണ്ണപ്പാറ ജിനാൻ മീഡിയയുടെ റെക്കാഡിങ് സ്റ്റുഡിയോയിൽ സ്ഥാനാർഥികൾക്ക് വേണ്ടി പാട്ടുകൾ തയാറാക്കുന്ന
ഗായകർ
എടവണ്ണപ്പാറ: വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ത്രിതല പഞ്ചായത്തുകളിലെ സ്ഥാനാർഥികളായി മത്സരരംഗത്ത് വരാനുള്ള തത്രപ്പാടിലാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിനിധികളും. സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിന്റെ മുന്നോടിയായി ആകർഷകമായ ചുമരെഴുത്തുകളും ബോർഡുകളും രംഗപ്രവേശം ചെയ്യുന്ന നാളുകളാണ് വരാനിരിക്കുന്നത്. സ്ഥാനാർഥികളുടെ മേന്മകളും നിറംപിടിപ്പിച്ച വികസന വാഗ്ദാന ഗാഥകളും ഉൾപ്പെടുത്തി രചിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങളും ഗായക സംഘങ്ങളും രംഗത്തെത്തിക്കഴിഞ്ഞു.
നഗരപ്രദേശങ്ങളിലെ റെക്കാർഡിങ് സ്റ്റുഡിയോകൾ 24 മണിക്കൂറും പ്രവർത്തന നിരതമായി മാറിയിട്ട് നാളുകൾ ഏറെയായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നാടു ചുറ്റുന്ന അനൗൺസ്മെൻറ് വാഹനങ്ങളിലേക്കുള്ള അനൗൺസ്മെന്റുകളും തെരഞ്ഞെടുപ്പ് ഗാനങ്ങളും പിറവിയെടുക്കുന്നത് റിക്കാർഡിങ് സ്റ്റുഡിയോകളിലാണ്. എടവണ്ണപ്പാറയിലെ ജിനാൻ റെക്കാഡിങ് സ്റ്റുഡിയോയിൽ കലാകാരൻമാരുടെ തിരക്കാണിപ്പോൾ.
ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, റിക്കാർഡിങ് വിദഗ്ധർ തുടങ്ങിയവർക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ് തെരഞ്ഞെടുപ്പ് കാലം. എടവണ്ണപ്പാറ ജിനാൻ മീഡിയയുടെ നേതൃത്വത്തിൽ 15 വർഷമായി വോട്ട് പാട്ട് നടന്നുവരുന്നുണ്ട്. സിനിമാഗാനങ്ങൾ, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവാലി എന്നിവയുടെയും ട്രെൻഡിങ് ആയ പുതിയ ഗാനങ്ങളുടെയും പാരഡിപാട്ടുകൾക്കുമാണ് ആവശ്യക്കാർ കൂടുതൽ. പ്രമുഖ ഗാന രചയിതാക്കളായ ബാപ്പു വെള്ളിപറമ്പ്, ഹമീദ് പൂവാട്ടുപറമ്പ്, അൻസാരി പൊന്നാട് എന്നിവരാണ് പാട്ടുകൾ തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

