തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദമാകുന്നു
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിെൻറ പേരിൽ കലക്ടർ കെ. ഗോപാലകൃഷ്ണൻ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരും കോവിഡ് ക്വാറൻറീനിലുള്ളവരുമുണ്ടെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി റിസർവ് ലിസ്റ്റിലുണ്ടായിരുന്ന വിതരണ കേന്ദ്രത്തിൽ എത്തിയ അധ്യാപികയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ജില്ല ഭരണകൂടത്തിെൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവം വിവാദമായതോടെ മതിയായ കാരണങ്ങളുണ്ടായിട്ടും സസ്പെൻഡ് ചെയ്യപ്പെട്ടവരുടേത് പിൻവലിക്കാൻ നീക്കം.
കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ പി.പി. ഉസ്മാൻ, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ പി. സയ്യിദ് മുഹമ്മദ് ഷാക്കിർ, താനൂർ ജി.എം.യു.പി സ്കൂൾ അധ്യാപിക ബീജ എന്നിവരാണ് കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ചിട്ടും നടപടിക്ക് വിധേയരായത്. പി.പി. ഉസ്മാൻ പക്ഷാഘാതത്തിന് ചികിത്സയിലുള്ള വ്യക്തിയാണ്. ഇദ്ദേഹം ഏപ്രിൽ അഞ്ചിന് വേങ്ങര മണ്ഡലത്തിെൻറ വിതരണകേന്ദ്രമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുശേഷം വിതരണകേന്ദ്രത്തിൽ തലകറങ്ങി വീഴുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മെഡിക്കൽ സംഘമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൂന്നുദിവസം ഇവിടെ ചികിത്സയിലായിരുന്നു. ഇൗ വിഷയമെല്ലാം കൃത്യമായി വരണാധികാരിയെ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. പിന്നീട് സസ്പെൻഷന് മുമ്പ് കലക്ടറേറ്റിൽനിന്ന് വിളിച്ചപ്പോൾ അസുഖ വിവരങ്ങൾ കൃത്യമായി ബന്ധുക്കൾ അറിയിച്ചിരുന്നു.
സയ്യിദ് മുഹമ്മദ് ഷാക്കിറും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വോെട്ടടുപ്പിെൻറ തലേ ദിവസമായ ഏപ്രിൽ അഞ്ചിന് പുലർച്ചയാണ് ആശുപത്രിയിൽ അഡ്മിറ്റായത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമുള്ള രേഖകളും കൃത്യസമയത്ത് അധികൃതർക്ക് കൈമാറിയിരുന്നു.
കലക്ടറേറ്റിൽനിന്ന് വിളിച്ച സമയത്തും വിവരങ്ങൾ കൃത്യമായി നൽകി. പേരാമ്പ്ര സ്വദേശിയായ ബീജ മാർച്ച് 22നാണ് കോവിഡ് പോസിറ്റിവായത്. റിേട്ടണിങ് ഒാഫിസറെ ഇ-മെയിൽ മുഖേനെയും േഫാണിലൂടെയും വിവരം അറിയിച്ചിരുന്നു. ഇവരുടെ ഭർത്താവ് വടകര എൻജിനീയറിങ് കോളജ് അധ്യാപകനായ സൗമ്യനും കോവിഡ് ബാധിച്ചിരുന്നു. ബേപ്പൂർ മണ്ഡലത്തിൽ തെരെഞ്ഞടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഇദ്ദേഹത്തിനെ ചുമതലയിൽനിന്ന് ഒഴിവാക്കി.
അതേസമയം, വിശദാംശങ്ങളെല്ലാം അറിയിച്ചിട്ടും വേങ്ങരയിൽ അച്ചടക്ക നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ ചെയ്തത്. കറ്റിപ്പുറം കഴുത്തല്ലൂർ സ്കൂളിലെ അധ്യാപിക റിസർവ് ലിസ്റ്റിലാണ് ഉൾപ്പെട്ടിരുന്നത്. ഇവർ തെരഞ്ഞെടുപ്പ് ദിനത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ ഹാജരാകുകയും തൊട്ടടുത്ത ദിവസം വേതനവും കൈപ്പറ്റിയിരുന്നു. എന്നാൽ, ഇവരും ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന് കാണിച്ചാണ് നടപടിയെടുത്തത്.
ഇത്തരം കേസുകൾ പുനഃപരിശോധിക്കുമെന്നും നടപടിയെടുക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഹാജരാകാത്തവരുടെ പട്ടിക കൈമാറുക മാത്രമാണ് ചെയ്തതെന്നും വേങ്ങര വരണാധികാരിയും ഡെപ്യൂട്ടി കലക്ടറുമായ ആർ. മുഹമ്മദ് യൂസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

