ബൈക്കിടിച്ച് വയോധികൻ മരിച്ച സംഭവം: പ്രതികൾ ഒരുവർഷത്തിന് ശേഷം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ പൊലീസിനൊപ്പം
മനഃപൂർവമല്ലാത്ത നരഹത‍്യക്കാണ് കേസ് എടുത്തിട്ടുള്ളത്
നിലമ്പൂർ: അന്തർ സംസ്ഥാനപാതയായ കെ.എൻ.ജി റോഡിൽ മുണ്ടയിൽ വയോധികൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ ബൈക്ക് യാത്രികരായ പ്രതികൾ ഒരുവർഷത്തിന് ശേഷം പിടിയിലായി. മൂത്തേടം കാരപ്പുറം കുണ്ടംകുളം മുഹമ്മദ് സലീം (22), കോച്ചേരിയിൽ അഖിൽ (23) എന്നിവരെയാണ് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ ന്യൂജൻ ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത‍്യക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
2021 ജൂലൈ 21ന് ബലി പെരുന്നാൾ ദിനത്തിൽ പുലർച്ചയായിരുന്നു അപകടം.
ബൈക്ക് നിർത്താതെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപെട്ടയാൾ നടുറോഡിൽ രക്തം വാർന്ന് കിടന്ന സമയം പല വാഹനങ്ങളും അതുവഴി കടന്നുപോയെങ്കിലും മദ്യപിച്ച് ആരോ വീണു കിടക്കുകയാണെന്ന ധാരണയിൽ ആരും കാര‍്യമാക്കിയില്ല. പെരിന്തൽമണ്ണയിൽനിന്ന് സർവിസ് കഴിഞ്ഞ് മടങ്ങുന്ന ആംബുലൻസ് ഡ്രൈവർ പിന്നീട് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
സംഭവസ്ഥലത്തുനിന്ന് 'W' എന്നെഴുതിയ തൊപ്പി, മഴ നനയാതിരിക്കാനുള്ള നീല പ്ലാസ്റ്റിക് കവർ, ഒരു ജോടി ചെരിപ്പ്, ഹെൽമറ്റിന്റെ പൊട്ടിയ ഗ്ലാസ് എന്നിവ ലഭിച്ചു. തുടർന്ന് സമീപ പ്രദേശങ്ങളിലെയും നാടുകാണി ബോർഡർ ചെക്ക്പോസ്റ്റിലെയും 500 ൽപരം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്.മലപ്പുറം ഡിവൈ.എസ്.പിയും അന്നത്തെ വഴിക്കടവ് ഇൻസ്പെക്ടറുമായ പി. അബ്ദുൽ ബഷീറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ രാജേഷ് കുട്ടപ്പൻ, എം.പി. സുനിത, ഷീബ, റിയാസ് ചീനി, ഇ.ജി. പ്രദീപ്, എസ്. പ്രശാന്ത് കുമാർ, വിനോദ്, ബിനോബ്, കെ. ജാബിർ, ബഷീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

