റുഖിയ ബഷീർ: നാട്ടുമ്പുറത്തെ മാലാഖ
text_fieldsറുഖിയ ബഷീർ സേവനത്തിനിടെ
എടവണ്ണപ്പാറ: സഞ്ചിയും തലയിലേറ്റി റുഖിയ ഓടുകയാണ്. തലയിലേറ്റിയ സഞ്ചി നിറയെ ഭക്ഷ്യവസ്തുക്കളാണ്. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, ബേക്കറി എന്നിവയുണ്ടതിൽ. വീടുകളുടെ ഉമ്മറത്തിരുന്ന് സഞ്ചി തുറന്ന് ഓരോ സാധനവും പുറത്തെടുക്കുമ്പോൾ വീട്ടുകാരുടെ മുഖത്ത് പ്രകടമാകുന്ന സന്തോഷ ഭാവം കാണേണ്ടത് തന്നെയാണ്.
രാവിലെ ഏഴിന് സ്വന്തം വീട്ടിൽ നിന്നിറങ്ങിയതാണ്. മൂന്ന് മണിക്കൂറിനിടയിൽ പത്ത് വീടുകളിൽ കയറി. ട്രിപ്ൾ ലോക് ഡൗൺ നിമിത്തം പുറത്തിറങ്ങാൻ കഴിയാത്തവരുടെയും ഗൃഹനാഥെൻറ മരണശേഷം വിധവകളായി കഴിയുന്നവരുടെയും ഗൃഹനാഥർ കിടപ്പ് രോഗികളായി ജീവിക്കുന്നവരുടെ വീടുകളുമെല്ലാം ഇതിൽ പെടും. ജീവകാരുണ്യ മേഖലയിൽ വർഷങ്ങളായി നിറസാന്നിധ്യമായ റുഖിയ ബഷീറിനെ അറിയാത്തവരില്ല. ഇവർ നാട്ടുകാർക്ക് ഒരു സഹായി മാത്രമല്ല, നാട്ടുമ്പുറത്തെ മാലാഖയാണ്.
എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന റുഖിയ വീട്ടിൽ തിരിച്ചെത്തുന്നത് രാത്രി ഏറെ വൈകിയാണ്. വിവാഹിതയായ ഇവർ തെൻറ ജീവിതം ജനസേവനത്തിനായി നീക്കി വെച്ചിരിക്കുകയാണ്. സർക്കാർ ഓഫിസുകളിലും പ്രാദേശിക ഭരണസ്ഥാപന കേന്ദ്രങ്ങളിലും നിത്യ സന്ദർശകയാണ്. ചുവപ്പുനാടയിൽ കുരുങ്ങി പ്രശ്നപരിഹാരങ്ങൾ അസാധ്യമാക്കിയ ഫയലുകൾ റുഖിയയുടെ ഇടപെടൽ നിമിത്തം തുറക്കപ്പെടുകയും സാധാരണക്കാർക്ക് നീതി ലഭ്യമാവുകയും ചെയ്യുന്നു.